പാലാ നിയമസഭാ തെരെഞ്ഞെടുപ്പ് കേസില്‍ മാണി സി കാപ്പന് തിരിച്ചടി

single-img
17 April 2023

പാലാ നിയമസഭാ തെരെഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതിയില്‍ നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി.

മാണി സി കാപ്പന്‍ എംഎല്‍എയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി.

ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ഭേദഗതി വരുത്താന്‍ അനുമതി നല്‍കിയതിന് എതിരായിട്ടാണ് മാണി സി കാപ്പന്‍ സുപ്രീംകോടതിയെ സമീപിച്ചത്. പാലാ സ്വദേശി സി വി ജോണ്‍ ഫയല്‍ ചെയ്‌ത തെരഞ്ഞെടുപ്പ്‌ ഹര്‍ജിയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ കേരളാ ഹൈക്കോടതി 2022 ആഗസ്റ്റില്‍ അനുമതി നല്‍കിയിരുന്നു. മാണി സി കാപ്പന്‍ നിയമപ്രകാരമുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല, തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ വന്‍തുക വിനിയോഗിച്ചു തുടങ്ങിയ ആരോപണങ്ങളാണ്‌ ഹര്‍ജിക്കാരന്‍ ഉന്നയിച്ചത്‌. ഈ ഹര്‍ജിയില്‍ ഭേദഗതി വരുത്താന്‍ ഹൈക്കോടതി അനുവാദം നല്‍കിയത്.

എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്ന് കാട്ടിയായിരുന്ന കാപ്പന്‍ സുപ്രീംകോടതിയില്‍ എത്തിയത്. പൊതുവായ ആരോപണങ്ങളാണ്‌ ഉന്നയിച്ചിട്ടുള്ളതെന്നും കേസിലെ നടപടികള്‍ ഏത്‌ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന്‌ ഹര്‍ജിയില്‍ വ്യക്തത ഇല്ലെന്നും മാണി സി കാപ്പന്‍റെ അഭിഭാഷകന്‍ റോയ് ഏബ്രഹാം ചൂണ്ടിക്കാണിച്ചു.

എന്നാല്‍, മാണി സി കാപ്പന്‍റെ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് എന്നാല്‍ ഹര്‍ജി തള്ളുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി എംഎല്‍എയായ മാണി സി കാപ്പന്‍റെ ഹര്‍ജി തള്ളിയതോടെ കേരള ഹൈക്കോടതിയിലുള്ള തെരെഞ്ഞെടുപ്പ് കേസിന്‍റെ വിചാരണയടക്കം മറ്റു നടപടികള്‍ തുടരാനാകും. കേസിലെ പരാതിക്കാരനായ സി വി ജോണിന് വേണ്ടി അഭിഭാഷകന്‍ വില്‍സ് മാത്യൂസും ഹാജരായി.

ഇടതുതരംഗം ആഞ്ഞ് വീശിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനോട് ജോസ് പരാജയപ്പെടുകയായിരുന്നു. പിണറായി രണ്ടാം സര്‍ക്കാര്‍ രൂപീകരിക്കുമ്ബോള്‍, മന്ത്രി സ്ഥാനം ഉറപ്പിച്ച ജോസ് കെ മാണിയുടെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ടായിരുന്നു കാപ്പന്റെ വിജയം.