മനസ്സിലാകുന്നതേ ഇല്ലായിരുന്നു; ഏറ്റവും കഠിനമായ ഭാഷകളില്‍ ഒന്നാണ് മലയാളം: കയാദു ലോഹർ

single-img
16 September 2022

വിനയന്റെ സംവിധാനത്തിൽ ഒരുങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് വിജയമായതോടെ നായകന്‍ സിജു വിത്സനൊപ്പം നങ്ങേലി എന്ന ശക്തയായ നായിക കഥാപാത്രമായി എത്തിയ കയാദു ലോഹറെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. നേരത്തെ ഒരു കന്നഡ സിനിമ മാത്രം ചെയ്തു പരിചയമുള്ള കയാദു . പത്തൊന്‍പത്താം നൂറ്റാണ്ടിന്റെ സെറ്റ് തനിക്കൊരു പരിശീലനക്കളരി ആയിരുന്നുവെന്നാണ് പറയുന്നത്.

കേരളത്തിൽ എത്തി മലയാള ഭാഷ ആദ്യമായി കേട്ടപ്പോള്‍ തല വട്ടം ചുറ്റുന്നതു പോലെ തോന്നിയെന്നും വര്‍ക്ക് ഷോപ്പിലൂടെയാണ് മനസിലാക്കി എടുത്തതെന്നും കയാദു പറയുന്നു. നടിയുടെ വാക്കുകളിലൂടെ: ” ഞാന്‍ കേരളത്തില്‍ വന്നശേഷമുള്ള ആദ്യ അഞ്ചു പത്തു ദിവസം ചുറ്റുമുള്ളവര്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നതേ ഇല്ലായിരുന്നു.

അവർ പറയുന്നത് കേള്‍ക്കുമ്പോള്‍ തല വട്ടം ചുറ്റുന്നതുപോലെ തോന്നും. മലയാളം എനിക്ക് ശരിക്കും അപരിചിതമായ ഒരു ഭാഷയാണ്. എനിക്ക് തോന്നുന്നത് ഏറ്റവും കഠിനമായ ഭാഷകളില്‍ ഒന്നാണ് മലയാളം എന്നാണ്. മാത്രമല്ല, പത്തൊന്‍പതാം നൂറ്റാണ്ട് എന്നത് ഒരു പീരിയോഡിക് സിനിമയാണ്. എനിക്ക് അത്തരം സിനിമയോ കഥാപാത്രമോ ചെയ്തു പരിചയമില്ല.

സംവിധായകൻ വിനയന്‍ സര്‍ ഞങ്ങള്‍ക്ക് 15 ദിവസത്തെ വര്‍ക്ഷോപ്പ് തന്നു. അതോടെയാണ് എനിക്ക് കഥാപാത്രവും ഭാഷയും മനസ്സിലായിത്തുടങ്ങിയത്. ചിത്രീകരണം തുടങ്ങാറായപ്പോഴേക്കും എല്ലാ ഡയലോഗുകളുടെയും അര്‍ഥം ഞാന്‍ പഠിച്ചു കഴിഞ്ഞിരുന്നു. ആദ്യം തിരക്കഥ വായിച്ചു സംഭാഷണങ്ങള്‍ മംഗ്ലീഷില്‍ എഴുതിയെടുക്കും.

അതിനുശേഷം ഇംഗ്ലിഷിലേക്കോ ഹിന്ദിയിലേക്കോ കന്നഡയിലേക്കോ വിവര്‍ത്തനം ചെയ്യും. അങ്ങിനെ ചെയ്യുന്നതിനാൽ ഞാന്‍ എന്താണു പറയാന്‍ പോകുന്നതെന്ന് പൂര്‍ണ ബോധ്യം ഉണ്ടായിരുന്നു. സിനിമ കണ്ടുകഴിഞ്ഞ് എല്ലാവരും പറയുന്നത് എന്നെക്കാണാന്‍ ഒരു മലയാളി പെണ്‍കുട്ടിയെപ്പോലെ ഉണ്ടെന്നാണെന്നും കയാദു പറയുന്നു.