മദ്രസകൾ പഠിപ്പിക്കുന്നത് മതസൗഹാർദവും പരസ്പര സ്നേഹവും: കാന്തപുരം

single-img
14 November 2024

മതസൗഹാർദവും പരസ്പര സ്നേഹവുമാണ് മദ്രസകൾ പഠിപ്പിക്കുന്നതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. മദ്രസകൾ ആരും തെറ്റായിട്ട് ഉപയോഗിച്ചിട്ടില്ലെന്നും അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി. മദ്രസകളിൽ 25 വർഷം പൂർത്തിയാക്കിയ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.

സുന്നി വിദ്യാഭ്യാസ ബോര്‍ഡിൻ്റെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി. അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് മദ്രസ പഠനവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. അന്ന് വാജ്പേയിയെ നേരിട്ട് സന്ദർശിച്ച് മദ്രസ പഠനം എന്തെന്ന് വ്യക്തമാക്കി. തുടർന്ന് മദ്രസയുമായി ബന്ധപ്പെട്ട ബിൽ അന്നത്തെ കേന്ദ്രസർക്കാർ ഒഴിവാക്കിയെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്നും മദ്രസ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ശുപാർശ ചെയ്തുകൊണ്ട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും കമ്മീഷന്‍ മേധാവി പ്രിയങ്ക് കനൂംഗോ കത്തയച്ചിരുന്നു. ഈ ശുപാർശ രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.