കഥാപാത്രത്തിനായി പട്ടിണി കിടന്ന് കഷ്ടപ്പെട്ട് പത്ത് കിലോ കുറച്ചു; പിന്നീട് അവർ വിളിച്ചില്ല: ശാലിൻ സോയ

single-img
29 June 2023

മലയാള സിനിമയിലെ ഇപ്പോഴുള്ള യുവനടിമാരിൽ ഒരാളും ബാലതാരമായി മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചതുമായ നടിയുമാണ് ശാലിൻ സോയ. മൂന്നിലധികം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്ത് മികവു പുലർത്തിയ താരം മാണിക്യക്കല്ല്, കർമ്മയോദ്ധ, മല്ലൂസിംഗ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഒടുവിൽ എത്തിയത് ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ്.

ഇതോടൊപ്പം തന്നെ അവതാരകയായി ഒരു സമയത്ത് തിളങ്ങി നിന്ന് ശാലിൻ ഇപ്പോൾ അതിൽ നിന്നൊക്കെ വിട്ടുനിൽക്കുകയാണ്. അതേക്കുറിച്ച് കുറിച്ച് മനസുതുറന്നിരിക്കുകയാണ് ശാലിൻ ഇപ്പോൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. അവതാരക എന്നത് തനിക്ക് പറ്റിയ പരിപാടിയല്ലെന്നാണ് ശാലിൻ പറയുന്നത്. മൂന്ന് നാല് ഷോകൾ ചെയ്തിട്ടുണ്ട്. എന്നാൽ ആദ്യ ഷോ ചെയ്തപ്പോൾ തന്നെ തനിക്ക് പറ്റിയ പരിപാടിയല്ല ഇതെന്ന് തോന്നിയിരുന്നു.

മറ്റുള്ളവരെ പോലെ പ്രസന്റബിൾ ആവാനോ ഫേക്ക് ചെയ്ത് നിൽക്കാനോ തനിക്ക് കഴിയില്ലെന്ന് ശാലിൻ വ്യക്തമാക്കി. ഇതോടൊപ്പം തന്നെ സിനിമയിൽ നിന്നുണ്ടായ ഒരു മോശം അനുഭവവും താരം അഭിമുഖത്തിൽ പങ്കുവച്ചു. ഒരു ചിത്രത്തിൽ കാസ്റ്റ് ചെയ്ത് കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകൾ എല്ലാം നടത്തിയ ശേഷം തന്നെ ഒഴിവാക്കിയെന്നാണ് താരം പറഞ്ഞത്. നായികയായി വിളിച്ച തമിഴ് സിനിമയിൽ നിന്നാണ് അത്തരമൊരു അനുഭവം ഉണ്ടായതെന്ന് ശാലിൻ പറയുന്നു.

ആദ്യം ഒരു ഫുൾ ഡേ ഷൂട്ട് കഴിഞ്ഞ് എല്ലാവരും കയ്യടിച്ചൊക്കെയാണ് എന്നെ വിട്ടത്. ആ സിനിമയിൽ കഥാപാത്രത്തിനായി പത്ത് കിലോ കുറയ്ക്കാൻ ആവശ്യപ്പെട്ട് എനിക്ക് ഡയറ്റ് ഒക്കെ തന്നു. വർക്ക്ഔട്ടിൽ സഹായിക്കാൻ അവർ തന്നെ ഒരു ട്രെയ്‌നറിനെയും വെച്ചു. പട്ടിണി കിടന്ന് കഷ്ടപ്പെട്ട് ഞാൻ പത്ത് കിലോ കുറച്ചു. അപ്പോൾ പത്തിലോ പ്ലസ് ടുവിലോ പഠിക്കുന്ന സമയമാണ്. എന്നാൽ ഇവർ പിന്നീട് വിളിച്ചില്ല.

തുടർന്ന് അങ്ങോട്ട് അവരെ കോൺടാക്ട് ചെയ്യാനും ഒരു നിവൃത്തി ഉണ്ടായിരുന്നില്ല. അവസാനം അതിലെ ഒരു നടൻ വഴി ഷൂട്ട് തുടങ്ങിയതായി അറിഞ്ഞു. അവരോട് ചോദിച്ചപ്പോൾ അവർക്ക് ഒഴിവാക്കിയതിന് ഒരു റീസണും ഉണ്ടായിരുന്നില്ല. നമ്മൾ രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെട്ടിട്ട് ഒന്ന് പറയുക പോലും ചെയ്യാതെ ഒഴിവാക്കി. ഞാൻ അന്ന് ഒരുപാട് കരഞ്ഞു,” ശാലിൻ പറഞ്ഞു.