ലോക്‌സഭ തിരഞ്ഞെടുപ്പ്: നിങ്ങൾക്കും പോലീസ് സേനയുടെ ഭാഗമാകാം

single-img
15 March 2024

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ രണ്ട് ദിവസത്തേക്ക് പോലീസ് സേനയുടെ ഭാഗമാകാന്‍ അവസരം. ജില്ലയില്‍ 853 സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെയാണ് തിരഞ്ഞെടുക്കുന്നത്. ഓരോ സബ് ഡിവിഷനുകളിലെയും ഒഴിവുകള്‍: ആലപ്പുഴ -163, അമ്പലപ്പുഴ-151, ചേര്‍ത്തല-190, കായംകുളം-119, ചെങ്ങന്നൂര്‍- 230.

ആരോഗ്യമുള്ള വിമുക്തഭടന്മാര്‍, വിരമിച്ച അര്‍ധസൈനികര്‍, വിരമിച്ച സംസ്ഥാന പോലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും എന്‍.സി.സി, എന്‍.എസ്.എസ്, സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ്, എസ.്പി.സി കേഡറ്റുകള്‍, എസ്.പി.സി- എന്‍.സി.സി എന്നിവയില്‍ പ്രവൃത്തി പരിചയമുള്ള 18 വയസ്സ് കഴിഞ്ഞവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കൂടിയ പ്രായപരിധി 58 വയസ്സ്. പ്രതിഫലം തിരഞ്ഞെടുപ്പ് സേവനത്തിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന വേതനം രണ്ട് ദിവസവും ലഭിക്കും.

അവരവരുടെ താമസ സ്ഥലത്തെ പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകളില്‍ ഒഴിവുകളുടെ അടിസ്ഥാനത്തിലും യോഗ്യതയുടെ അടിസ്ഥാനത്തിലും ഇവരെ തിരഞ്ഞെടുപ്പു ജോലികള്‍ക്കായി സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയമിക്കും.