എൽജെഡി ആർജെഡിയുമായി ലയിക്കുന്നു; മന്ത്രിസഭയിൽ പ്രാതിനിധ്യം ആവശ്യപ്പെടും

single-img
9 September 2023

എംവി ശ്രേയംസ് കുമാറിന്റെ നേതൃത്വത്തിലുള്ള എൽജെഡിയും ആർജെഡിയുമായുള്ള ലയനം എൽജെഡി സംസ്ഥാന കൗൺസിൽ അംഗീകരിച്ചു . ലയന സമ്മേളനം അടുത്ത മാസം രണ്ടാം വാരം കോഴിക്കോട് നടക്കും. ലയന സമ്മേളനവുമായി ബന്ധപ്പെട്ട് ആർജെഡി ദേശീയ നേതൃത്വവുമായി സംസാരിക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഈ മാസം 25നകം ജില്ലാ കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യുമെന്നും സംസ്ഥാന കൗൺസിൽ അറിയിച്ചു.

സംസ്ഥാന മന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്ന് എൽഡിഎഫിനോട് ആവശ്യപ്പെടാനും എൽജെഡി സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. മുൻപേതന്നെ ജെഡിഎസുമായി ലയിക്കുവാൻ എൽജെഡിയിൽ ആലോചനകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പല ചർച്ചകളും നടക്കുകയും ചെയ്തു. കർണാടകയിൽ ബിജെപി സഹകരണവുമായി ബന്ധപ്പെട്ട് ജെഡിഎസ് ദേശീയ നേതൃത്വം സ്വീകരിക്കുന്ന മൃദുസമീപനം ഈ നീക്കത്തിന് തടസ്സമായിരുന്നു.

ദേശീയ തലത്തിൽ ബിജെപിയുമായി സഹകരിക്കുമെന്ന പ്രതീതി സൃഷ്ടിക്കുന്ന ജെഡിഎസുമായി ചേരുന്നതിനെതിരെ എൽജെഡിയിലെ വലിയൊരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് എൽജെഡി-ആർജെഡി ചർച്ചകൾ ആരംഭിച്ചത്. ഇപ്പോൾ പ്രതിപക്ഷത്തെ ബിജെപി വിരുദ്ധ ‘ഇൻഡ്യാ’ സഖ്യത്തിലെ പ്രധാനസഖ്യകക്ഷിയാണ് ആർജെഡി. ഇതുവരെയും ബിജെപിയുമായി ബാന്ധവം സ്ഥാപിക്കാത്ത പാർട്ടിയെന്ന പ്രതിച്ഛായയും ആർജെഡിക്കുണ്ട്. . കെ പി മോഹനനാണ് കേരളത്തിൽ എൽജെഡിയുടെ ഏക എംഎൽഎ.