ലിവ്-ഇൻ ബന്ധങ്ങൾ പ്രാചീന കാലത്തെ ഗാന്ധർവ്വ വിവാഹത്തിന് സമാനം; സ്ത്രീകൾക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കണം: മദ്രാസ് ഹൈക്കോടതി

single-img
19 January 2026

ലിവ്-ഇൻ ബന്ധങ്ങളെ പ്രാചീനകാലത്തെ ഗാന്ധർവ്വ വിവാഹത്തോടു ഉപമിക്കാമെന്നും, ഇത്തരം ബന്ധങ്ങളിൽ കഴിയുന്ന സ്ത്രീകൾക്ക് മതിയായ നിയമപരിരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന കേസിൽ തിരുച്ചിറപ്പള്ളി സ്വദേശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ശ്രീമതി ഈ സുപ്രധാന അഭിപ്രായം രേഖപ്പെടുത്തിയത്.

വിവാഹിതർക്കും വിവാഹമോചിതർക്കും പ്രായപൂർത്തിയാകാത്തവർക്കും നിലവിൽ വ്യക്തമായ നിയമസംരക്ഷണം നിലവിലുണ്ടെങ്കിലും, ലിവ്-ഇൻ ബന്ധങ്ങളിലുള്ളവർ പലപ്പോഴും ഇത്തരം ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഒരുമിച്ച് താമസിക്കാൻ തുടങ്ങിയതിന് ശേഷമാണ് പല സ്ത്രീകളും പങ്കാളിയുടെ യഥാർത്ഥ സ്വഭാവം തിരിച്ചറിയുന്നതെന്നും, അതോടെ അവർ പാരമ്പര്യ മൂല്യങ്ങളുടെയും ആധുനിക ജീവിതശൈലിയുടെയും ഇടയിൽ കുടുങ്ങി ഗുരുതരമായ സാമൂഹിക പ്രതിസന്ധികൾ നേരിടുന്നുവെന്നും കോടതി വ്യക്തമാക്കി.

ഇത്തരമൊരു സാഹചര്യത്തിൽ, ഗാന്ധർവ്വ വിവാഹത്തിലെ ഭാര്യയ്ക്ക് ലഭിച്ചിരുന്ന അവകാശങ്ങൾ ആധുനികകാലത്തെ ലിവ്-ഇൻ പങ്കാളികൾക്കും ബാധകമാക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. വഞ്ചനയ്ക്കിരയാകുന്ന സ്ത്രീകളെ സംരക്ഷിക്കാൻ ശക്തവും വ്യക്തവുമായ നിയമനടപടികൾ അനിവാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.