കേരളത്തിൽ മദ്യവില്‍പനയില്‍ റെക്കാര്‍ഡ്: പുതുവത്സര തലേന്ന് മാത്രം വിറ്റഴിച്ചത് 107.14 കോടി രൂപയുടെ മദ്യം

single-img
1 January 2023

രണ്ടുവർഷത്തിനു ശേഷം കോവിഡ് നിയന്ത്രണങ്ങളില്ലാതെ നടന്ന കേരളത്തിലെ പുതുവത്സര ആഘോഷങ്ങളില്‍ റെക്കോര്‍ഡ് വിറ്റുവരവുമായി ബെവ്‌കോ. ഡിസംബര്‍ 31ന് മാത്രം ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ വിറ്റഴിച്ചത് 107.14 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇത് 95.67 കോടിയായിരുന്നു. അതേസമയം, തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റ് വില്‍പ്പനയില്‍ ഒരു കോടി കടന്ന് റെക്കോര്‍ഡിട്ടു.

ഇവിടെ മാത്രം 1.13 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഈ ക്രിസ്മസ് വില്‍പ്പനയില്‍ കൊല്ലം ആശ്രാമം ബെവ്‌കോ ഔട്ട്‌ലെറ്റ് നേടിയ ഒരു കോടി രൂപയുടെ റെക്കോഡാണ് തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ബെവ്കോ ഔട്ട്‌ലെറ്റ് ഇത്തവണ മറികടന്നത്. പുതുവർഷ വില്‍പ്പനയില്‍ രണ്ടാം സ്ഥാനം ആശ്രാമം ഔട്ട്‌ലെറ്റിനും (96.59ലക്ഷം) മൂന്നാം സ്ഥാനം പാലാരിവട്ടം രവിപുരം ഔട്ട്‌ലെറ്റിനും (88.01 ലക്ഷം) നാലാം സ്ഥാനം പയ്യന്നൂര്‍ ഔട്ട്‌ലെറ്റിനുമാണ് (80.94 ലക്ഷം).

ഈ മാസം 22 മുതല്‍ 31 വരെയുള്ള ക്രിസ്മസ് – ന്യൂ ഇയര്‍ വില്‍പ്പനയിലും ബെവ്‌കോ ഇത്തവണ റെക്കോര്‍ഡ് ഇട്ടു. 686.28 കോടി രൂപയുടെ മദ്യമാണ് ഈ പത്ത് ദിവസം കൊണ്ട് വിറ്റഴിച്ചത്.

അതേസമയം, കഴിഞ്ഞ വർഷത്തിൽ അത് 649.30 കോടി രൂപയായിരുന്നു. 686.28 കോടിയുടെ ക്രിസ്മസ്, ന്യൂ ഇയര്‍ വില്‍പ്പനയില്‍ 600 കോടിയും സര്‍ക്കാരിനുള്ള ലാഭമാണ്. ബെവ്‌കോയുടെ സംസ്ഥാനത്തെ ആകെയുള്ള 270 ഔട്ട്‌ലെറ്റുകളില്‍ ആദ്യമായി ന്യൂ ഇയര്‍ ദിനത്തില്‍ വില്‍പ്പന 10 ലക്ഷം വീതം കടന്നു എന്ന പ്രത്യേകതയും ഉണ്ട്.