ഹണി ട്രാപ്പ് എന്ന് സംശയം; ലിംഗായത്ത് മഠാധിപതി ആത്മഹത്യയിൽ അന്വേഷണം ശക്തമാകുന്നു

single-img
26 October 2022

കർണാടകയിൽ ലിംഗായത് മഠാധിപതി സ്വാമി ബസവലിംഗയുടെ ആത്മഹത്യക്കു പിന്നിൽ ഹണി ട്രാപ്പ് എന്ന് സംശയം. ഒരു സ്ത്രീയുമായുള്ള വീഡിയോ കോളിന്റെ പേരിൽ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതായും, അത് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.

സ്വാമി ബസവലിംഗയുമായുള്ള വീഡിയോ കോളുകൾ സ്‌ക്രീൻ റെക്കോർഡ് സംവിധാനം ഉപയോഗിച്ച് സ്ത്രീ റെക്കോർഡ് ചെയ്തു സൂക്ഷിച്ചിരുന്നതായും ഇത്തരത്തിൽ പകർത്തിയ നാല് വീഡിയോകൾ പുറത്തുവിടുമെന്ന് സ്ത്രീയും കൂട്ടാളികളും സ്വാമി ബസവലിംഗയെ ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹവുമായി അടുത്ത ബന്ധം ഉള്ള കേന്ദ്രങ്ങൾ പൊലീസിന് മൊഴി നൽകിയതിന് പിന്നാലെയാണ് അന്വേഷണം ശക്തമാക്കിയത്.

മുറിയിൽനിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ തന്നെ അപമാനിച്ചു പുറത്താക്കാൻ ചിലർ ശ്രമിക്കുന്നതായി ബസവലിംഗ ആരോപിക്കുന്നുണ്ട്. അജ്ഞാതയായ സ്ത്രീയാണ് തന്നോട് ഇത് ചെയ്തതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. എന്നാൽ ആത്മഹത്യാക്കുറിപ്പിൽ പറയുന്ന രണ്ടുപേരുകൾ ലിംഗായത്ത് മഠത്തിലെ പ്രമുഖരുടെതാണെന്ന സൂചനകളോട് പ്രതികരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

തിങ്കളാഴ്ച രാവിലെയാണ് സ്വാമി ബസവലിംഗയെ പ്രാർഥനാ മുറിയുടെ ചുമരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷത്തിനിടെ കർണാടകയിൽ ജീവനൊടുക്കിയ മൂന്നാമത്തെ മഠാധിപതിയാണ് ബസവലിംഗ സ്വാമി. ഡിസംബറിൽ രാമനഗരയിലെ പ്രധാന മഠമായ ചിലുമെ മഠത്തിലെ മഠാധിപതി ജീവനൊടുക്കിയിരുന്നു. ആരോഗ്യകരമായ കാരണങ്ങളായിരുന്നു ആത്മഹത്യക്ക് പിന്നിൽ. കഴിഞ്ഞമാസം ബെലഗാവിയിലെ ശ്രീ ഗുരുമദിവലേശ്വർ മഠത്തിന്റെ മഠാധിപതി ബസവ സിദ്ധലിംഗ സ്വാമിയും ജീവനൊടുക്കിയിരുന്നു.