ലൈഫ് മിഷൻ: സംസ്ഥാനത്ത് 3,22,922 വീടുകളും നാല് ബഹുനില സമുച്ചയങ്ങളും പൂർത്തീകരിച്ചു

single-img
25 January 2023

പാവപ്പെട്ടവർക്ക്‌ തലചായ്‌ക്കാൻ സ്വന്തമായി വീടെന്ന സ്വപ്നം സാധ്യമാക്കാൻ വേണ്ടി 2016-ൽ ആരംഭിച്ച ‘ലൈഫ്’ മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് 2023 ജനുവരി 15 വരെ 3,22,922 വീടുകളും നാല് ബഹുനില സമുച്ചയങ്ങളും പൂർത്തീകരിച്ചതായി സിപിഎം സംസ്ഥാന കമ്മിറ്റി.

നഗര-ഗ്രാമ മേഖലകളിലെ എല്ലാവർക്കും ഭൂമിയും വീടും ഉറപ്പുവരുത്തുക എന്നതിൽ സംസ്ഥാന സർക്കാർ പ്രതിജ്ഞാ ബദ്ധമാണ്. ലൈഫ്‌ മിഷൻ പദ്ധതി വഴിയും മറ്റു വകുപ്പുപദ്ധതികൾ വഴിയും ഇതിനകം തൃശൂരിൽ ജില്ലയിൽ 22,965 വീടുകളുടെ പണി പൂർത്തിയായി. 3932 വീടുകൂടി പൂർത്തിയാവാനുണ്ട്‌. ലൈഫ്‌ പദ്ധതി വഴി ജില്ലയിൽ ഈ വർഷം 5364 പേർക്ക്കൂടി വീടുയരും. 2020ൽ പുതുതായി തെരഞ്ഞെടുത്ത ലിസ്‌റ്റിൽ ഭൂമിയുള്ള 27,857പേരും ഭൂമിയില്ലാത്ത 21,351 പേരും ഉൾപ്പെട്ടിട്ടുണ്ട്‌. ഇതുകൂടാതെ സർക്കാർ ശേഖരിച്ച അതിദരിദ്രരുടെ ലിസ്‌റ്റിൽ 5013 പേരുണ്ടെന്നും സംസ്ഥാന കമ്മിറ്റി സോഷ്യൽ മീഡിയാ പ്രസ്താവനയിൽ അറിയിച്ചു.

ലിസ്‌റ്റിൽ ഉൾപ്പെടാത്ത അതിദരിദ്രർക്കും വീട്‌ നൽകും. ഇതുൾപ്പെടെ 50,000ൽപ്പരം പേർക്ക്‌ വീട്‌ നൽകാനാണ്‌ ലക്ഷ്യം. ഇതിൽ ആദ്യഘട്ടമായാണ്‌ 5364 പേർക്ക്‌ നൽകുന്നത്‌. മാർച്ച്‌ 31നകം ആദ്യഘട്ടം ലക്ഷ്യം കൈവരിക്കണമെന്ന്‌ തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി സ. എം ബി രാജേഷ്‌ നിർദേശം നൽകിയിട്ടുണ്ട്‌. ഈ വർഷം വീട്‌ ലഭിക്കുന്ന 5364 പേരിൽ 2577 പേർ പട്ടികജാതിക്കാരും 23 പേർ പട്ടിക വർഗക്കാരുമാണ്‌. 244 അതിദരിദ്രരും 325 മത്സ്യത്തൊഴിലാളികളും ഉൾപ്പെട്ടു.

കോഴിക്കോട്‌ ജില്ലയിൽ 5178 പേർക്ക്‌ നാലാംഘട്ടമായി ലൈഫിൽ വീടുയരും. ‘ലൈഫ്‌ – 2020’ അന്തിമ പട്ടികയിൽ ഉൾപ്പെട്ടവർ കരാറുണ്ടാക്കി മാർച്ച്‌ 25നകം നിർമാണം തുടങ്ങും. പട്ടികയിലെ 68 പേരുടെ വീട്‌ നിർമാണം ആരംഭിച്ചു. 626 പേരുടേത്‌ കരാറായി. ഹഡ്കോ വായ്‌പയും സംസ്ഥാന വിഹിതവുമായി 3,20,000 രൂപ നിർമാണ പുരോഗതിക്ക്‌ അനുസൃതമായി ലഭ്യമാക്കും. എസ്‌സി – എസ്‌ടി ഫിഷറീസ്‌, അതിദരിദ്രർ എന്നിവർക്കാണ്‌ പട്ടികയിൽ മുൻഗണന. തൊഴിലുറപ്പ്‌ പദ്ധതി കാർഡുള്ളവരാണെങ്കിൽ വീട്‌ നിർമാണത്തിനുള്ള നാലുലക്ഷത്തിനുപുറമെ 90 തൊഴിൽ ദിനങ്ങളും നൽകും.

ഭൂരഹിത – ഭവനരഹിതർക്കുള്ള ഫ്ലാറ്റ്‌ ചാത്തമംഗലത്തും നടുവണ്ണൂരുമാണ്‌ ഉയരുക. 42 കുടുംബങ്ങൾക്ക്‌ താമസിക്കാവുന്ന ചാത്തമംഗലത്തെ ഫ്ലാറ്റിന്റെ നിർമാണം എട്ടുമാസത്തിനകം പൂർത്തിയാക്കും. 70 കുടുംബങ്ങൾക്ക്‌ താമസിക്കാനുള്ളതാണ്‌ നടുവണ്ണൂരിലെ ഫ്ലാറ്റ്‌. മാവൂർ, പുതുപ്പാടി എന്നിവിടങ്ങളിലും ഫ്ലാറ്റ്‌ ആലോചിക്കുന്നുണ്ട്‌. ഒന്നാം ഘട്ടത്തിൽ ലക്ഷ്യമിട്ട 6641 വീടുകളിൽ 6484 എണ്ണം പൂർത്തിയായി.

രണ്ടാം ഘട്ടത്തിൽ 5226 അപേക്ഷകരിൽ 5059 പേർക്ക്‌ വീടായി. മൂന്നാം ഘട്ടത്തിൽ ഭൂമിയില്ലാത്ത 671 പേർക്ക്‌ ഭൂമി നൽകി. 425 അപേക്ഷകരുടെ വീട്‌ പണി പൂർത്തിയായി. എസ്‌സി – എസ്‌ടി ഫിഷറീസ്‌ വിഭാഗങ്ങളിലായി 2083 പേരുടെ പട്ടികയിൽ 1171 വീടുകൾ പൂർത്തിയായി.