മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു; നൗഷാദിനെ കൊന്നുവെന്ന ഭാര്യയുടെ മൊഴിക്ക് പിന്നിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

single-img
28 July 2023

പത്തനംതിട്ട : ഭാര്യ കൊന്നു കുഴിച്ചുമൂടിയെന്ന് കരുതിയ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെ ജീവനോടെ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നര വർഷം മുൻപ് കാണാതായ ദിവസം ഭാര്യ അഫ്സാനയും സുഹൃത്തുക്കളും ചേർന്ന് നൗഷാദിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. അവശ നിലയിലായ നൗഷാദിനെ ഉപേക്ഷിച്ച് ഇവർ പരുത്തിപ്പാറയിലെ വാടക വീട്ടിൽ നിന്ന് പോവുകയായിരുന്നു.

മര്‍ദ്ദനമേറ്റ് മരിച്ചെന്നു കരുതി ഉപേക്ഷിച്ചു പോയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിൻറെ അടിസ്ഥാനത്തിലാണ് താൻ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്സാന പൊലീസിന് മൊഴി നൽകിയതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ അവശനിലയിലായ നൗഷാദ് പിറ്റേ ദിവസം രാവിലെ സ്ഥലം വിടുകയായിരുന്നു. ഭാര്യയുടെ ആൾക്കാർ സ്ഥിരമായി മർദിച്ചിരുന്നുവെന്നും അതിനാൽ നാടുവിട്ട് ആരുമറിയാതെ ജീവിക്കുകയായിരുന്നുവെന്നുമാണ് നൗഷാദും നൽകിയ മൊഴി. അഫ്സനയ്ക്കെതിരെ എടുത്ത കേസിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. ജാമ്യത്തെ പൊലീസ് എതിർക്കില്ല. എന്നാൽ പൊലീസിനെ കബളിപ്പിച്ചുവെന്ന കേസുമായി മുന്നോട്ടു പോകും.

ഭാര്യ കൊന്നു കുഴിച്ചുമൂടിയെന്ന് കരുതിയ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെ ഇടുക്കി തൊമ്മൻകുത്തിൽ നിന്നാണ് പൊലീസ് ജീവനോടെ കണ്ടെത്തിയത്. നൗഷാദിനെ താൻകൊന്നു കുഴിച്ചിട്ടുവെന്ന് ഭാര്യ അഫ്‌സാന പറഞ്ഞതനുസരിച്ച് മൃതദേഹത്തിനായി പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിച്ചിരുന്നു.

2021 നവംബർ അഞ്ചിനാണ് നൗഷാദിനെ കാണാതായത്. പിതാവ് അഷ്‌റഫിന്റെ പരാതിയിൽ അന്നുമുതൽ അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ല. സ്ഥിരമായി മദ്യപിച്ചെത്തി വഴക്കിട്ടിരുന്ന നൗഷാദിനെ താൻ തലക്കടിച്ചു കൊന്നുവെന്നും ഒരാളുടെ സഹായത്തോടെ കുഴിച്ചിട്ടുവെന്നും ഭാര്യ അഫ്സന കഴിഞ്ഞ ദിവസം പൊലീസിനോട് പറഞ്ഞു. മൊഴി വിശ്വസിച്ച പൊലീസ് അഫ്സനായും നൗഷാദും താമസിച്ചിരുന്ന അടൂർ പരുത്തിപ്പാറയിലെ  വാടക വീടിന് ചുറ്റും ഒരു പകൽ മുഴുവൻ കുഴിച്ചു പരിശോധിച്ചു. സെപ്റ്റിക് ടാങ്കുവരെ ഇളക്കി പരിശോധിച്ചിട്ടും മൃതദേഹം കിട്ടാതായതോടെ പൊലീസ് ആശയക്കുഴപ്പത്തിലായി. ഈ തെരച്ചിലിന്റെ വാർത്ത മാധ്യമങ്ങളിൽ കണ്ട ഇടുക്കി തൊമ്മൻകുത്തിനടുത്ത കുഴിമറ്റം എന്ന സ്ഥലത്തെ  നാട്ടുകാർ തൊടുപുഴ പൊലീസിന് നിർണായകമായ ഒരു വിവരം കൈമാറി. നൗഷാദിനെപ്പോലെ തോന്നിക്കുന്ന ഒരാൾ ഇവിടെ കൂലിപ്പണിക്കാരനായി കഴിയുന്നുണ്ടെന്നായിരുന്നു ആ വിവരം. ഒന്നര വർഷം ഒരു മൊബൈൽഫോൺ ഫോൺ പോലും ഉപയോഗിക്കാതെ നാടുവിട്ട് ഒളിച്ചു താമസിച്ച നൗഷാദിനെ ഒടുവിൽ കണ്ടെത്തി.