യുഡിഎഫിൽ ഭിന്നത; കോൺഗ്രസ് മത്സരിക്കാനിരുന്ന അമ്പലപ്പുഴയിൽ ലീഗ് ഒറ്റയ്ക്ക് മത്സരിക്കും

single-img
21 November 2025

ആലപ്പുഴ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുഡിഎഫ് സഖ്യത്തിൽ ഭിന്നത. കോൺഗ്രസുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ, മുസ്ലിം ലീഗ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. തർക്കവിഷയമായ അമ്പലപ്പുഴ ഡിവിഷനിൽ ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.

കോൺഗ്രസ് മത്സരിക്കാൻ നിശ്ചയിച്ചിരുന്ന സീറ്റാണിത്. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അൽത്താഫ് സുബൈർ ആണ് ഇവിടെ ലീഗിന്റെ സ്ഥാനാർത്ഥി. അൽത്താഫ് സുബൈർ ഇന്ന് പത്രിക നൽകുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു.

അമ്പലപ്പുഴ ഡിവിഷൻ തങ്ങൾക്ക് വേണമെന്നായിരുന്നു മുസ്ലിം ലീഗിന്റെ ആവശ്യം. എന്നാൽ, അമ്പലപ്പുഴയ്ക്ക് പകരം പുന്നപ്ര ഡിവിഷൻ നൽകാമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തു. പുന്നപ്ര വേണ്ടെന്ന് ലീഗ് നിലപാടെടുത്തതോടെയാണ് സീറ്റ് ധാരണയിൽ എത്താതെ പോയതും കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതും. സഖ്യത്തിൽ ധാരണയാകാത്ത ഈ സാഹചര്യത്തിൽ ലീഗിന്റെ ഒറ്റയ്ക്കുള്ള മത്സരം ആലപ്പുഴ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത വെല്ലുവിളിയായേക്കും.