എഐ ക്യാമറയിൽ നടന്നതിനേക്കാൾ വലിയ അഴിമതിയാണ് കെ ഫോണിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

single-img
29 May 2023

കൊച്ചി: എഐ ക്യാമറയിൽ നടന്നതിനേക്കാൾ വലിയ അഴിമതിയാണ് കെ ഫോണിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എ ഐ ക്യാമറയിൽ ക്രമക്കേട് നടത്തിയ കമ്പനികൾ തന്നെയാണ് കെ ഫോണിന് പിന്നിലുമുള്ളതെന്നും കെ ഫോൺ എസ്റ്റിമേറ്റ് 50 ശതമാനം ഉയർത്തിയത് അഴിമതിക്ക് വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതിനാൽ കെ ഫോൺ ഉദ്ഘാടന മഹാമഹം പ്രതിപക്ഷം ബഹിഷ്ക്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിന് പിന്നാലെ തെളിവ് നശിപ്പിക്കാൻ തീയിടുകയാണെന്ന ആരോപണം വിഡി സതീശൻ ആവർത്തിച്ചു. ആരോപണം ഉന്നയിച്ചാൽ തീ പടരുന്ന സ്ഥിതിയാണ് കേരളത്തിൽ. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ അദ്ദേഹം കൂടുതൽ വ്യക്തത തേടി. ഏത് കടമാണ് കുറച്ചതെന്ന് ആർക്കും അറിയില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഏത് ഭാഗമാണ് കുറച്ചതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.