ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള പ്രതിഷേധം അവസാനിപ്പിച്ച് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍

single-img
20 February 2024

കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള പ്രതിഷേധം അവസാനിപ്പിച്ച് ഇടുക്കി തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍. സമരം ചെയ്തതിന് തങ്ങൾക്കെതിരെയുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായുള്ള കോളേജ് അധികൃതരുടെ അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

കോളേജിലെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികള്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കാമ്പസിലെ 15ഓളം വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ഭീഷണി മുഴക്കി കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി പ്രതിഷേധിച്ചത്.

ഉത്തരവാദിത്വപ്പെട്ട മന്ത്രിയോ സർവകലാശാലയിൽ നിന്നും നിന്ന് ഉത്തരവാദിത്തപ്പെട്ടവരോ എത്താതെ താഴെ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു വിദ്യാര്‍ത്ഥികള്‍. കോളേജിലെ ഒരു വിദ്യാര്‍ത്ഥിക്ക് ഇന്റേണല്‍ മാര്‍ക്കില്‍ അന്യായമായി മാര്‍ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതലാണ് കോളേജില്‍ സമരം തുടങ്ങിയത് .