മിച്ചഭൂമി കേസ്: പി വി അൻവറിന്റെ 6 ഏക്കർ ഭൂമി കണ്ടുകെട്ടണമെന്ന് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ്

single-img
26 September 2023

മിച്ചഭൂമി കേസില്‍ നിലമ്പൂർ എംഎല്‍എ പി വി അൻവറിന് തിരിച്ചടി. ഭൂപരിധി നിയമം ലംഘിച്ചുള്ള 6.25 ഏക്കർ ഭൂമി തിരിച്ച് പിടിക്കാൻ താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കാനാണ് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് നിർദേശിച്ചിരിക്കുന്നത്. കേസില്‍ ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ വ്യാജരേഖ ചമച്ചെന്ന ഓതറൈസ്‍ഡ് ഓഫീസറുടെ റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു.

അന്‍വറും ഭാര്യയും ചേര്‍ന്ന് പീവിയാര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്ന പേരില്‍ പങ്കാളിത്ത സ്ഥാപനം തുടങ്ങിയത് ഭൂപരിഷ്കരണ നിയമം മറികടക്കാന്‍ വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്‍വറിന്‍റെ പക്കല്‍ 15 ഏക്കറോളം മിച്ചഭൂമി ഉണ്ടെന്നും ഈ ഭൂമി സര്‍ക്കാരിന് വിട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കാവുന്നതാണെന്നും ഓതറൈസഡ് ഓഫീസര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

സംസ്ഥാനത്തെ ഭൂപരിഷ്കരണ നിയമം മറികടക്കാനായി പങ്കാളിത്ത നിയമവും സ്റ്റാംപ് നിയമവും അന്‍വറും കുടുംബവും ലംഘിച്ചുവെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ഉളളടക്കം.