അത്രയും നിര്‍ബന്ധമാണെങ്കില്‍ അന്വേഷണം നേരിടുന്ന ലീഗ് നേതാക്കളുടെ വീടുകള്‍ക്ക് മുന്നിലും ‘ചന്ദ്രിക’ പത്രത്തിന്റെ ബോര്‍ഡിന് മുകളിലും മോദിയുടെ പടം പതിക്കട്ടെ: കെടി ജലീൽ

single-img
28 June 2026

പിഎംഎവൈ, പിഎം ശ്രീ, മദ്യനികുതി വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് മന്ത്രിമാര്‍ സ്വീകരിക്കുന്ന മൃദുസമീപനത്തെ വിമര്‍ശിച്ച് മുന്‍മന്ത്രി കെടി ജലീല്‍ രംഗത്ത്. മതേതര വാദികളെ വേദനിപ്പിക്കുന്ന നിലപാടാണ് കെഎം ഷാജിയും ഷംസുദ്ധീനും സ്വീകരിക്കുന്നത്.

പിഎംഎവൈ പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീട്ടില്‍ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കണമെന്ന വ്യവസ്ഥ അംഗീകരിക്കുന്ന ഷാജിയുടെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ മരവിപ്പിച്ച പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാനുള്ള മന്ത്രി ഷംസുദ്ദീന്റെ നീക്കത്തെയും ജലീല്‍ എതിര്‍ത്തു. ഫേസ്ബുക്ക് കുറിപ്പിലാണ് ജലീലിന്റെ പ്രതികരണം.

പാവപ്പെട്ടവരുടെ വീടുകള്‍ക്ക് മുന്നില്‍ മോദിയുടെ ഫോട്ടോ വെക്കാന്‍ മലയാളികള്‍ ഗതികെട്ടവരല്ലെന്നും അത്രയും നിര്‍ബന്ധമാണെങ്കില്‍ അന്വേഷണം നേരിടുന്ന ലീഗ് നേതാക്കളുടെ വീടുകള്‍ക്ക് മുന്നിലും ‘ചന്ദ്രിക’ പത്രത്തിന്റെ ബോര്‍ഡിന് മുകളിലും മോദിയുടെ പടം പതിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു. ഇഡിയെ ഭയന്നാണോ ലീഗ് ഇത്തരത്തില്‍ പെരുമാറുന്നതെന്നും അദ്ദേഹം ചോദിച്ചു.

പിഎം ശ്രീ അറബിക്കടലില്‍ എറിയുമെന്ന് പറഞ്ഞവര്‍ തന്നെ അത് നടപ്പിലാക്കുന്നത് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനുമായുള്ള വല്ല ‘ഡീലിന്റെയും’ ഭാഗമാണോ എന്ന് അറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കാതിരിക്കാനാണോ ഈ ഒത്തുതീര്‍പ്പുകളെന്നും അദ്ദേഹം ചോദിച്ചു.