രാത്രി വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കില്ല; കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്നും നീക്കം ചെയ്തു

single-img
20 December 2025

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത വിദ്യാർഥിനികളെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന പരാതിയിൽ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ ഒരു കണ്ടക്ടറെ സർവീസിൽ നിന്നും നീക്കം ചെയ്തു. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് രാത്രികാല സർവീസ് നടത്തുകയായിരുന്ന തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ RPE 546 (SF) ബസിലാണ് സംഭവം നടന്നത്.

അങ്കമാലിക്കും മുരിങ്ങൂരിനും ഇടയിലെ ‘പൊങ്ങം’ എന്ന സ്ഥലത്ത് ഇറങ്ങേണ്ടിയിരുന്ന വിദ്യാർഥിനികളെ കണ്ടക്ടർ അവിടെ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാൻഡിൽ ഇറക്കിയതായാണ് പരാതി. വിഷയത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ പരാതി ശരിയെന്ന് കണ്ടെത്തി.

രാത്രികാലങ്ങളിൽ വനിതാ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ ബസ് നിർത്തണമെന്ന ഉത്തരവ് നിലവിലിരിക്കെ, ബന്ധപ്പെട്ട കണ്ടക്ടറുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി അന്വേഷണത്തിൽ വ്യക്തമായി. ഇതിനെ തുടർന്നാണ് കണ്ടക്ടറെ സർവീസിൽ നിന്നും നീക്കം ചെയ്തത്.

ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.