കെപിസിസി പ്രസിഡന്റായി കെ സുധാകരൻ തുടരുമോ? തെരഞ്ഞെടുപ്പ് സെപ്റ്റംബർ 15ന്

single-img
13 September 2022

കെപിസിസി പ്രസിഡന്റായി കെ സുധാകരൻ തുടരുമോ ഇല്ലയോ എന്ന് സെപ്റ്റംബർ 15ന് അറിയാം. കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പ് ദേശീയ തലത്തിൽ നടന്നു വരികയാണ്. താഴേത്തട്ടുമുതലുള്ള സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഷെഡ്യൂൾ പ്രകാരമാണ് സംസ്ഥാനത്ത് കെപിസിസി തിരഞ്ഞെടുപ്പും നടക്കുന്നത്.

250 അംഗ ജനറൽ ബോഡി യോഗമാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുക. ഈ പട്ടിക കഴിഞ്ഞ ദിവസം ഹൈക്കമാൻഡ് അംഗീകാരം നൽകിയിരുന്നു. കെപിസിസി അധ്യക്ഷനെയും മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളെയും ഭാരവാഹികളെയുമാണ് തിരഞ്ഞെടുക്കുന്നത്. ഒപ്പം തന്നെ ഇവരിൽ നിന്നുള്ള എഐസിസി അംഗങ്ങളെക്കൂടി തിരഞ്ഞെടുക്കും. കേരളത്തിലെ ഇലക്ഷൻ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പും വ്യാഴാഴ്ച തന്നെ നടക്കുമെന്നാണ് സൂചന.

കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ തന്നെ തുടരും എന്നാണ് ഇപ്പോഴത്തെ ധാരണ. കേരളത്തിൽ മത്സരം ഒഴിവാക്കണം എന്ന തീരുമാനമാണ് പൊതുവേ നേതാക്കൾക്കിടയിലുള്ളത് എങ്കിലും മത്സര സാധ്യത ആരും പൂർണ്ണമായും തള്ളിക്കളയുന്നില്ല.