തെക്കന്‍ കേരളത്തിലെ നേതാക്കളെ അപമാനിച്ചു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

single-img
16 October 2022

തിരുവനന്തപുരം: തെക്കന്‍ കേരളത്തെ അവഹേളിച്ച്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എക്‌സ്പ്രസ് ഡയലോഗ്‌സ് എന്ന പേരില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കെ സുധാകരന്‍ വിവാദ പരാമര്‍ശം നടത്തിയത്.

രാമായണ കഥയെ ദുര്‍വ്യാഖ്യാനം ചെയ്ത് തെക്കന്‍ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന സൂചനയാണ് സുധാകരന്‍ നല്‍കിയത്. തെക്കന്‍ കേരളത്തിലെയും മലബാറിലെയും നേതാക്കള്‍ തമ്മിലുള്ള വ്യത്യാസമെന്ത് എന്ന ചോദ്യത്തിന് മറുപടിയായാണ് സുധാകരന്‍ വിവാദ പരാമര്‍ശം നടത്തിയത്.

‘ചരിത്രപരമായി തന്നെയുണ്ട്. ഞാന്‍ ഒരു കഥ പറയട്ടെ. സീതയെ വീണ്ടെടുക്കാന്‍ രാമന്‍ ലങ്കയില്‍ പോയല്ലോ. സൈന്യവുമായി പോയി യുദ്ധം ചെയ്ത് രാവണനെ വധിച്ചിട്ടാണ് ലങ്കയില്‍ തടവുകാരിയായിരുന്ന സീതയെ കൂട്ടി പുഷ്പക വിമാനത്തില്‍ തിരിച്ചുവരുന്നത്. തെക്കുഭാഗത്ത് കടലിന്റെ തീരത്ത് കയറുന്ന സമയത്ത് ലക്ഷ്മണന്റെ മനസില്‍ ഒരു ചിന്ത. ചേട്ടനെ തട്ടി താഴെയിട്ടിട്ട് ചേച്ചിയെ സ്വന്തമാക്കിയാലോ എന്ന്. ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച്‌ ചിന്തിച്ച്‌ ചിന്തിച്ച്‌ കഴിയുമ്ബോഴെക്ക് തൃശൂരില്‍ എത്തിപ്പോയി. ഞാന്‍ എന്തുമോശമാണ് ചിന്തിച്ചത്?. എന്റെ ചേട്ടനെയും ചേച്ചിയെയും കുറിച്ച്‌ ചിന്തിച്ചത് മോശമായിപ്പോയല്ലോ. ഈസമയത്ത് ലക്ഷ്മണനെ നോക്കി രാമന്‍ പറഞ്ഞു. അനിയാ, മനസില്‍ പോയതെല്ലാം ഞാന്‍ വായിച്ചു. അത് നിന്റെ കുഴപ്പമല്ല, കടന്നുവന്ന മണ്ണിന്റെ കുഴപ്പമാണ്.’- സുധാകരന്റെ വാക്കുകള്‍.