കെ പി സി സി മുന്‍ വൈസ് പ്രസിഡന്റ് കോണ്‍ഗ്രസ് വിട്ടു; ഇനി സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

single-img
17 November 2022

നാലര പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസിനോടൊപ്പമുള്ള യാത്രയ്ക്ക് അവസാനം കുറിച്ചുകൊണ്ട് കെ പി സി സി മുന്‍ വൈസ് പ്രസിഡന്റ് സി കെ ശ്രീധരന്‍ കോണ്‍ഗ്രസ് പാർട്ടി വിട്ടു. വര്‍ഗ്ഗീയതയ്ക്ക് കീഴടങ്ങുന്ന കോണ്‍ഗ്രസ് നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി വെക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, ഇനി താൻ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന്വ്യ ക്തമാക്കി.

ദേശീയ രാഷ്ട്രീയത്തിലും കേരളത്തിലും കോണ്‍ഗ്രസ് പാര്‍ട്ടി ലക്ഷ്യങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കുന്നതായും വര്‍ഗ്ഗീയതയെ ചെറുത്ത് തോല്‍പ്പിക്കുന്നതില്‍ പരാജയപ്പെടുന്ന കോണ്‍ഗ്രസ് വര്‍ഗ്ഗീയതയോട് സമരസപ്പെടുകയാണെന്നും അദ്ദേഹംപറഞ്ഞു . അതുകൊണ്ടുതന്നെ ഇനി വര്‍ഗ്ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സി പി മ്മിനൊപ്പം ഇനി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സി കെ ശ്രീധരന്‍ പറഞ്ഞു.

ഇതോടൊപ്പം തന്നെ ആര്‍ എസ് എസ്അ നുകൂല നിലപാട് സ്വീകരിക്കുന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെയും ഗവര്‍ണറുടെ ജനാധിപത്യ വിരുദ്ധ നടപടിയെ പിന്തുണക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും സി കെ ശ്രീധരന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു. ഇവര്‍ ആര്‍ എസ് എസ് – ബി ജെ പി പക്ഷത്ത് നിന്ന് അവര്‍ക്ക് സഹായം ചെയ്യുകയാണ്. ആര്‍ എസ് എസിനെ സഹായിച്ച കെ സുധാകരന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്നും സി കെ ശ്രീധരന്‍ കൂട്ടിച്ചേർത്തു.