കെപിസിസി അധ്യക്ഷ പദവി; പോളിങ് കഴിഞ്ഞ ഉടൻ തന്നെ തിരികെ എത്തണം എന്ന ഒരാവശ്യവും ഞാൻ ഉന്നയിച്ചിട്ടില്ല: കെ സുധാകരൻ

single-img
6 May 2024

കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ചുയരുന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ആദ്യമായി കെ സുധാകരൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നും സ്ഥാനാർത്ഥിയായതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ കെപിസിസി അധ്യക്ഷന്റെ ചുമതലയിൽ നിന്ന് താത്കാലികമായി മാറിനിൽക്കാമെന്നുള്ള തീരുമാനം ഞാനുൾപ്പെടെയുള്ള നേതൃത്വം കൂട്ടായെടുത്തതായിരുന്നുവെന്ന് സുധാകരൻ പറഞ്ഞു.

ഈ തീരുമാനത്തിന് കോൺഗ്രസ്‌ ഹൈക്കമാൻഡ് അംഗീകാരം നൽകുകയും തുടർന്ന് എം എം ഹസ്സൻ തെരഞ്ഞെടുപ്പ് കാലം വരെ ആക്ടിങ് പ്രസിഡന്റായി ചുമതലയേൽക്കുകയും ചെയ്തു. തനിക്ക് സ്ഥാനം തിരികെ വേണമെന്ന രീതിയിൽ വിവിധ മാധ്യമങ്ങളിൽ വാർത്തകൾ വരുന്നത് വാസ്തവ വിരുദ്ധമാണെന്നാണ് സുധാകരൻ പറയുന്നത്.

കെപിസിസിയുടെ അധ്യക്ഷ പദവിയിലേക്ക് പോളിങ് കഴിഞ്ഞ ഉടൻ തന്നെ തനിക്ക് തിരികെ എത്തണം എന്ന ഒരാവശ്യവും ഉന്നയിച്ചിട്ടില്ലെന്നും ദിവസങ്ങൾ നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ശേഷം പാർട്ടി വിളിച്ച് ചേർത്ത അവലോകന യോഗത്തിൽ സ്ഥാനാർത്ഥി എന്ന നിലയിൽ പങ്കെടുത്തിരുന്നു, തുടർന്ന്‌ വ്യക്തിപരമായ ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലുമാണെന്നും സുധാകരൻ പറയുന്നു.

ഇതിനിടയിലാണ് സ്ഥാനം തിരികെ ആവശ്യപ്പെട്ടു എന്നും, തിരികെ ലഭിക്കാത്തത്തിൽ അതൃപ്തിയുണ്ടെന്നും ഇത് സംബന്ധിച്ച പ്രതിഷേധം കോൺഗ്രസ്‌ ഹൈകമാന്റിനെ അറിയിച്ചു എന്ന തരത്തിലുള്ള അഭ്യുഹങ്ങളും വ്യാജ വാർത്തകളും ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ തനിക്കും കേരളത്തിലെ പാർട്ടിക്കും എല്ലാ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്ന എഐസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പോലും അനാവശ്യമായി ഈ വിഷയങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടാണ് വാർത്തകൾ പ്രചരിപ്പിക്കുന്നത്.

ഇത് തികച്ചും വ്യാജവും പാർട്ടിയെയും എന്നെയും അപകീർത്തിപെടുത്താൻ വേണ്ടി പാർട്ടിയുടെ ശത്രുക്കൾ ചമച്ച തെറ്റായ പ്രചാരണമാണ്. കോൺഗ്രസ്‌ പാർട്ടി കേരളത്തിൽ നേടാൻ പോകുന്ന വൻ വിജയത്തിൽ അസ്വസ്ഥരായവരാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.