വിചിത്ര സര്‍ക്കുലര്‍ ഇറക്കി കോഴിക്കോട് എന്‍ഐടി

single-img
9 February 2023

കോഴിക്കോട് : വിചിത്ര സര്‍ക്കുലര്‍ ഇറക്കി കോഴിക്കോട് എന്‍ഐടി. ക്യാംപസില്‍ എവിടെയും പരസ്യമായ സ്നേഹപ്രകടനങ്ങള്‍ പാടില്ലെന്നാണ് സ്റ്റുഡന്റ്സ് ഡീന്‍ ഡോ.

ജി.കെ.രജനീകാന്തിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. മറ്റു വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അലോസരമുണ്ടാക്കുന്ന പെരുമാറ്റം പാടില്ല. പരസ്യമായ സ്നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കും. സര്‍ക്കുലര്‍ ലംഘിക്കുന്നവര്‍ അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും സ്റ്റുഡന്റ്സ് ഡീന്‍ ഡോ. ജി കെ രജനീകാന്തിന്റെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

ഇതിനിടെ പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണമെന്ന കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്. കൗ ഹഗ്ഗ് ഡേ ആചരിക്കണമെന്നാണ് അഭ്യര്‍ത്ഥന. പശുക്കളെ കെട്ടിപ്പിടിക്കുന്നത് സമൂഹത്തില്‍ സന്തോഷമുണ്ടാക്കുമെന്നാണ് ആഹ്വാനത്തിന് പിന്നിലെ വിശദീകരണമായി കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പറയുന്നത്.

ഇന്ത്യന്‍ സംസ്കാരത്തിന്‍റെയും പ്രാദേശിക സമ്ബദ് വ്യവസ്ഥയുടേയും നട്ടെല്ലാണ് പശു. സമ്ബത്തിന്‍റേയും ജൈവ വൈവിധ്യത്തേയുമാണ് പശു പ്രതിനിധാനം ചെയ്യുന്നത്. അമ്മയേപ്പോലെ പരിപാലിക്കുന്നത് കൊണ്ടാണ് പശുവിനെ ഗോമാതായെന്നും കാമധേനുവെന്നും വിളിക്കുന്നതെന്നും കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പ് വിശദമാക്കുന്നു. പാശ്ചാത്യ സംസ്കാരത്തിന്‍റെ അതിപ്രസരം നിമിത്തം വേദിക് സംസ്കാരം അന്യം നിന്ന് പോകുന്ന നിലയിലാണെന്നുമെല്ലാമാണ് വിശദീകരണം.

”ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്… ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നത് പോലെ…” എന്നാണ് മന്ത്രി വി ശിവന്‍ കുട്ടി സംഭവത്തെ ട്രോളി ഫേസ്ബുക്ക് പോസ്റ്റുമായെത്തിയത്. ട്രോള്‍ ഗ്രൂപ്പുകളെല്ലാം കൗ ഹഗ് ഡേ ട്രോളുകള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ലോകമാകെ പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14ന് തന്നെ പശു ആലിംഗന ദിനമായി തെരഞ്ഞെടുത്തതിനെതിരെയാണ് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. നേരത്തെ ചില സംഘടനകള്‍ വലന്റൈന്‍സ് ഡേ ആഘോഷത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇത്തരം ആഘോഷങ്ങള്‍ ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ചതല്ലെന്നാണ് ചില സംഘനടകളുടെ നിലപാട്.