പത്തുമാസത്തിന് ശേഷം കോട്ടയത്ത് പാസ്പോർട്ട് സേവാ കേന്ദ്രം വീണ്ടും പ്രവർത്തനം തുടങ്ങുന്നു

single-img
13 January 2024

പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം വീണ്ടും തുടങ്ങിയതോടെ വീജയം കണ്ടത് പത്തുമാസത്തിലറെ നീണ്ട തോമസ് ചാഴികാടൻ എംപിയുടെ കഠിനാധ്വാനം. ഇതോടെ പാസ്പോർട്ട് സേവാ കേന്ദ്രം താൽക്കാലികമായി പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദേശം വന്നതു മുതൽ എംപി നടത്തിയ പോരാട്ടത്തിന് കൂടി സമാപ്തിയാകുകയാണ്. കോട്ടയത്തിന് പുതുവത്സര സമ്മാനമായി പാസ്പോർട്ട് സേവാ കേന്ദ്രം വീണ്ടും പ്രവർത്തനം തുടങ്ങുമെന്ന് പറഞ്ഞ വാക്കു പാലിക്കാനായ സന്തോഷത്തിലാണ് എംപി.

2023 ഫെബ്രുവരി 16നാണ് കോട്ടയത്ത് പ്രവര്‍ത്തിച്ചിരുന്ന പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം വരുന്നത്. ആ നിമിഷം മുതല്‍ പുതിയ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന് കെട്ടിടം കണ്ടെത്തുന്നതുവരെ എംപി നിരന്തരം വിദേശകാര്യ മന്ത്രാലയ അധികൃതരോടും ഔദ്യോഗിക സംവീധാനങ്ങളോടും ബന്ധപ്പെട്ടിരുന്നു.

കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെ നേരിൽ കണ്ടു. ചീഫ് പാസ്പോർട്ട് ഓഫീസറുമായി പലവട്ടം സംസാരിച്ചു. ലോക്സഭയിൽ സബ്മിഷൻ ഉന്നയിച്ചു. ചട്ടം 377 പ്രകാരം സഭയിൽ വിഷയം വീണ്ടും വീണ്ടും ഉന്നയിച്ചു. പിന്നാലെ വിദേശകാര്യ മന്ത്രിയെ നേരിൽ കണ്ട് വീണ്ടും നിവേദനം നൽകി. നിരന്തരമായ ഇടപെടലുകൾക്കൊടുവിൽ പാസ്പോർട്ട് സേവാകേന്ദ്രം കോട്ടയത്ത് തന്നെ നിലനിർത്തുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ് ജയ്ശങ്കർ എംപിക്ക് ഉറപ്പു നൽകുകയായിരുന്നു.

കോട്ടയം റെസ്റ്റ് ഹൗസിന് സമീപം ഒലീവ് അപ്പാർട്ട്മെന്റിലാണ് പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലായി 14000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്ഥലമാണ് സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ടാറ്റ കൺസൾട്ടൻസി സർവീസസ് പ്രവർത്തന സജ്ജമാക്കിയത്. ഓഫീസിലേക്കുള്ള ഉപകരണങ്ങൾ, അതിവേഗ ഇന്റർനെറ്റ്, കമ്പ്യൂട്ടറുകൾ, എ സി എന്നിവ സജ്ജമായി. ഓഫീസിൽ എത്തുന്നവർക്ക് വിശാലമായ പാർക്കിങ്, ഇരിപ്പടങ്ങൾ എല്ലാം സജ്ജമാണ്. ഒരാൾക്ക് 35 മിനിറ്റിനകം സേവനം പൂർത്തിയാക്കി ഓഫീസിൽ നിന്നും മടങ്ങാനാകും. അപേക്ഷകർക്ക് മൂന്ന് സെക്ഷനുകളായാണ് സേവനം ഒരുക്കിയിട്ടുള്ളത്.