ഞാനാണ് ലോക ഒന്നാം നമ്പർ താരം; എനിക്ക് പിന്നിലാണ് കോലി: പാക് താരം ഖുറം മൻസൂർ

single-img
25 January 2023

താനാണ് ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമെന്ന് പാകിസ്താൻ താരം ഖുറം മൻസൂർ. മുൻ ഇന്ത്യൻ നായകൻ വിരാട് കോലി പോലും തനിക്ക് പിന്നിലാണെന്ന് ഇന്ന് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഖുറം മൻസൂർ പറഞ്ഞു.

വെറുതെയല്ല, ലിസ്റ്റ് എ ക്രിക്കറ്റ് കണക്കുകൾ മുൻനിർത്തിയാണ് ഖുറം മൻസൂറിൻ്റെ അവകാശവാദം. “ഞാൻ വിരാട് കോലിയുമായി സ്വയം താരതമ്യം ചെയ്യുകയല്ല. സത്യം പറഞ്ഞാൽ , 50 ഓവർ ക്രിക്കറ്റിൽ ഞാനാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. എനിക്ക് ശേഷമാണ് കോലി.

നോക്കിയാൽ ലിസ്റ്റ് എ ക്രിക്കറ്റിൽ എൻ്റെ കണക്കുകൾ കോലിയെക്കാൾ മികച്ചതാണ്. കോലി ഓരോ ആറ് ഇന്നിംഗ്സിലും ഒരു സെഞ്ചുറി നേടുന്നു. എന്നാൽ ഞാൻ ഓരോ 5.68 ഇന്നിംഗ്സിലും ഒരു സെഞ്ചുറി നേടുന്നു. എൻ്റെ ശരാശരിയായ 53 പരിഗണിക്കുമ്പോൾ കഴിഞ്ഞ 10 വർഷമായി ലിസ്റ്റ് എ ക്രിക്കറ്റിലെ ലോക താരങ്ങളിൽ ഞാൻ അഞ്ചാമതാണ്.

2008ൽ മൻസൂർ ദേശീയ ടീമിനായി അരങ്ങേറുകയും പാകിസ്താനു വേണ്ടി 16 ടെസ്റ്റുകളിലും ഏഴ് ഏകദിനങ്ങളിലും 3 ടി-20കളിലും താരം കളിക്കുകയും ചെയ്തു. എന്നാൽ 2016നു ശേഷം ഇതുവരെ ഖുറം മൻസൂർ ദേശീയ ടീമിനായി കളിച്ചിട്ടില്ല.