ഉത്തര്‍പ്രദേശില്‍ ദുരഭിമാന കൊല; പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയെയും യുവാവിനേയും വീട്ടുകാര്‍ കൊലപ്പെടുത്തി
ബസ്തി: ഉത്തര്‍പ്രദേശില്‍ ദുരഭിമാന കൊലയെന്ന് റിപ്പോര്‍ട്ട്. ജാതിക്ക് പുറത്തുനിന്നുള്ള പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയെയും യുവാവിനേയും വീട്ടുകാര്‍ കൊലപ്പെടുത്തി.
ബസ്തി ജില്ലയിലാണ് 18 വയസ്സുള്ള യുവാവും പെണ്‍കുട്ടിയും കൊല്ലപ്പെട്ടത്. ഇരുവരേയും പെണ്‍കുട്ടിയുടെ വീട്ടുകാരാണ് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടിയപ്പോള്‍ യുവാവിന്റെ മൃതദേഹം അടുത്തുള്ള കരിമ്ബിന്‍ പാടത്തേക്ക് വലിച്ചെറിഞ്ഞ നിലയിലായിരുന്നു.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായി രുധൗലി എ.എസ്.പി ദീപേന്ദ്ര ചൗധരി അറിയിച്ചു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
കരിമ്ബ് പാടത്ത് യുവാവിന്റെ മൃതദേഹം കണ്ട ഒരു കര്‍ഷകനാണ് വിവരം പോലീസിനെ അറിയിച്ചത്. ഇന്‍ക്വസ്റ്റ് പരിശോധനയില്‍ മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ കണ്ടു. ധരിച്ചിരുന്ന ഷര്‍ട്ടും പാന്റ്‌സും അഴിച്ച നിലയിലായിരുന്നു. ഒരാളുടെ ട്രാക്ടര്‍ ഡ്രൈവറായി യുവാവ് ജോലി ചെയ്യുകയായിരുന്നുവെന്നും കഴിഞ്ഞ രാത്രി വീട്ടില്‍ നിന്ന് പോയ യുവാവ് തിരികെ വന്നില്ലെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും പിതാവ് പോലീസിനെ അറിയിച്ചു.
ഇവര്‍ നല്‍കിയ വിവരം അനുസരിച്ച് ട്രാക്ടര്‍ ഉടമയുടെ വീട്ടിലെത്തിയ പോലീസിന് അയാളുടെ സഹോദരിയും തലേന്ന് രാത്രി മരിച്ചതായും മൃതദേഹം കുഴിച്ചിട്ടതായും ബോധ്യപ്പെട്ടു. തുടര്‍ന്ന് പോലീസ് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.