കിഫ് ബി അക്ഷയഖനിയല്ല; ഇനി പദ്ധതികൾ അനുവദിക്കരുത്: തോമസ് ഐസക്
കിഫ് ബി എന്നത് ഒരു അക്ഷയഖനിയല്ലെന്നും 50,000 കോടിയുടെ പദ്ധതിയാണ് കിഫ്ബിയിലൂടെ ലക്ഷ്യമിട്ടതെന്നും മുൻ ധനമന്ത്രി തോമസ് ഐസക്. നിലവിൽ ആ പരിധി കഴിഞ്ഞതിനാൽ കിഫ്ബിയിലൂടെ ഇനി പദ്ധതികൾ അനുവദിക്കരുതെന്നും തോമസ് ഐസക് മലയാളത്തിലെ ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു.
കേരളത്തിന്റെ പൊതു കടം നിലവിൽ മൂന്നു ലക്ഷത്തി തൊണ്ണൂറായിരം കോടി പിന്നിടുകയും കിഫ്ബിക്കെതിരായി പ്രതിപക്ഷം വ്യാപക വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നതിന് പിന്നാലെയാണ് ആശയത്തിന് രൂപം നൽകിയ മുൻ ധനമന്ത്രി തോമസ് ഐസക്ക് തന്നെ വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, കിഫ് ബി എന്ന സ്ഥാപനത്തിന്റെ പ്രസക്‌തി തന്നെ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു . കിഫ് ബി അടച്ചുപൂട്ടണം. ഇതേവരെ 20,000 കോടി രൂപയുടെ പദ്ധതി മാത്രമാണ് പൂർത്തിയാക്കിയത്. കിഫ്‌ബി ഒരു വെള്ളാനയായി മാറിയെന്നും അധിക ബാധ്യതയായി നിലനിൽക്കുന്ന സ്ഥാപനമാണെന്നും വിഡി സതീശൻ പ്രതികരിച്ചു.