പ്രതിപക്ഷ നേതാവിന്റെ ‘പുതുയുഗ യാത്ര’ പഴയ യുഗം ഓർമ്മിപ്പിക്കാൻ നല്ലതാണ്: മന്ത്രി പി രാജീവ്

അടൂർപ്രകാശ് വിഷയത്തിൽ എസ്‌ഐടി അന്വേഷണം നടക്കുന്നതിൽ കോൺഗ്രസിന് ഭയമുണ്ടെന്ന് മന്ത്രി പി. രാജീവ് ആരോപിച്ചു. പ്രതിപക്ഷം നടത്തുന്നത് ‘പുതുയുഗ യാത്ര’യാണെങ്കിലും, അത് പഴയ യുഗത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. ആരോഗ്യ രംഗം ഉൾപ്പെടെ പുതുയുഗത്തിലെ നേട്ടങ്ങൾ വിശദീകരിക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകൾ വ്യക്തമാക്കേണ്ടത് അവരുതന്നെയാണെന്നും, പ്രതിപക്ഷ നേതാവ് അവരുടെ കൺവീനർ അല്ലല്ലോയെന്നും മന്ത്രി ചോദിച്ചു.
അതേസമയം, ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രാജ്യത്ത് ആദ്യമായി ഒരു കമ്മീഷൻ നിയമിച്ചത് എൽഡിഎഫ് സർക്കാരാണെന്നും പി. രാജീവ് വ്യക്തമാക്കി. ജെ.ബി. കോശി റിപ്പോർട്ടിലെ നിരവധി ശുപാർശകൾ ഇതിനകം നടപ്പാക്കിയതായും, ബാക്കിയുള്ളവയും ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില നിർദേശങ്ങൾ നടപ്പാക്കാൻ നിയമഭേദഗതി ആവശ്യമായതിനാൽ, നടപ്പാക്കിയതും നടപ്പാക്കാത്തതും നടപ്പാക്കാൻ കഴിയാത്തതുമായ ശുപാർശകൾ വിശദീകരിച്ച് ആക്ഷൻ ടേക്കൺ റിപ്പോർട്ട് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.
ഇതിനിടെ, സർക്കാർ 466 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ബിപിസിഎൽ 12 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന അമനിറ്റി സെന്ററും ഉടൻ പൂർത്തിയാകുമെന്നും, കേരളത്തിൽ മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാരിന് കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്റൻസീവ് കെയർ വിഭാഗത്തിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായതായും, പഴയ കാൻസർ സെന്റർ കെട്ടിടത്തിൽ നിന്ന് ഒരു മാസത്തിനുള്ളിൽ പൂർണമായും പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റാനാകുമെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി.


