ഈജിയന്‍ തൊഴുത്താക്കി കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ചേര്‍ന്ന് തകര്‍ത്തു: കെ സുധാകരൻ

single-img
7 March 2023

യൂണിവേഴ്‌സിറ്റികളിൽ വിസിമാരും കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരുമില്ലാത്ത ഈജിയന്‍ തൊഴുത്താക്കി കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണ്ണറും ചേര്‍ന്ന് തകര്‍ത്തെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ എംപി.

സിപിഎമ്മിന് താല്പര്യമുള്ള കുഴിയാനകളെ സര്‍വ്വകലാശാലകളില്‍ വിസിമാരായും സര്‍ക്കാര്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരായും നിയമിക്കാനാകാത്തതുകൊണ്ട് കേരളത്തിലെ സര്‍വകലാശാലകളും സര്‍ക്കാര്‍ കോളേജുകളും സംഘര്‍ഷഭരിതമായി. എല്ലായിടത്തും അനധികൃത നിയമനങ്ങളും അഴിമതിയും കൊടികുത്തി വാഴുന്നു.

ഇയതിനോടകം പതിനായിരക്കണക്കിന് കുട്ടികള്‍ കേരളത്തില്‍നിന്ന് ലക്ഷക്കണക്കിനു രൂപയുടെ ബാങ്ക് വായ്പയും തലയിലേറ്റി പലായനം ചെയ്യുന്നത് ഉന്നതവിദ്യാഭ്യാസമേഖലയിലെ രാഷ്ട്രീയവത്കരണത്തില്‍ മനംമടുത്താണ്. സിപിഎമ്മിന്‍റെ അധ്യാപക-അനധ്യാപക സംഘടനകളുടെ സമ്മര്‍ദ്ദത്തിന് കീഴടങ്ങിയ ഉന്നത വിദ്യാഭ്യാസമന്ത്രി ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്നു തെളിയിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയും ഗവര്‍ണറും ഈ തകര്‍ച്ചയിലെ കൂട്ടുപ്രതികളാണെന്നും സുധാകരന്‍ ആരോപിച്ചു.

കേരളത്തിലെ 14 സര്‍വകലാശാലകളും ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്. കേരള, കെടിയു, കാര്‍ഷിക, ഫിഷറീസ്, കലാമണ്ഡലം, നിയമ, സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ലാതായിട്ട് മാസങ്ങളായി. മലയാളം സര്‍വ്വകലാശാലാ വിസി ഫെബ്രുവരി 28ന് വിരമിച്ചപ്പോള്‍ കുസാറ്റ്, എംജി , സര്‍വ്വകലാശാല വിസിമാര്‍ ഉടനേ വിരമിക്കും. സ്വന്തം നിയമനത്തില്‍ ആക്ഷേപം കേട്ട കണ്ണൂര്‍ സര്‍വ്വകലാശാല വിസിയുടെ പുനര്‍നിയമനം സംബന്ധിച്ച അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കാലിക്കറ്റ്, സംസ്‌കൃത, ഓപ്പണ്‍ ഡിജിറ്റല്‍ സര്‍വകലാശാല വിസിമാര്‍ക്ക് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.