ഗവര്‍ണര്‍ക്കെതിരെ കോടതിയിലേക്ക് നീങ്ങാനൊരുങ്ങി കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍

single-img
18 October 2022

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ കോടതിയിലേക്ക് നീങ്ങാനൊരുങ്ങി കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍. അംഗങ്ങളെ പിന്‍വലിച്ച നടപടി നിയമപരമായി ചോദ്യം ചെയ്യാന്‍ ആണ് നീക്കം.

ഇതിനുമുന്നോടിയായി കേരള സെനറ്റിലെ സിപിഎം അംഗങ്ങള്‍ നിയമോപദേശം തേടി. ഗവര്‍ണര്‍ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് നോട്ടീസ് നല്‍കാതെ എന്നാണ് പരാതി. രണ്ട് സിപിഎം അംഗങ്ങള്‍ ഉള്‍പ്പെടെ 15 പേരെ ആയിരുന്നു ഗവര്‍ണര്‍ പിന്‍വലിച്ചത്.

ചാന്‍സലറെന്ന നിലയില്‍ താന്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അസാധാരണ നടപടിയിലൂടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിന്‍വലിച്ചത്. വിസി നിര്‍ണയ സമിതിയിലേക്കുള്ള കേരള സര്‍വകലാശാല പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് ഗവര്‍ണര്‍ അയോഗ്യരാക്കിയത്. നാല് വകുപ്പ് മേധാവിമാരും രണ്ട് പേര്‍ സിന്റിക്കേറ്റ് അംഗങ്ങളും പിന്‍വലിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും.

ഇത്രയധികം സെനറ്റ് അംഗങ്ങളെ ഒറ്റയടിക്ക് ചാന്‍സര്‍ കൂടിയായ ആരിഫ് മുഹമ്മദ് ഖാന്‍ പിന്‍വലിക്കുന്നത് അസാധാരണ നടപടിയാണ്. ചാന്‍സലര്‍ക്ക് താല്പര്യം നഷ്ടമായാല്‍ അംഗങ്ങളെ പിന്‍വലിക്കാമെന്ന വ്യവസ്ഥ ചട്ടത്തിലുണ്ട്.