കാട്ടുപോത്ത് ആക്രമണത്തില്‍ മന്ത്രിയുടെ പ്രതികരണത്തിനെതിരെ കെസിബിസി


കോഴിക്കോട്: കാട്ടുപോത്ത് ആക്രമണത്തില്‍ മന്ത്രിയുടെ പ്രതികരണത്തിനെതിരെ കെസിബിസി. സാധാരണ ജനങ്ങളുടെ വികാരമാണ് കെസിബിസി പ്രകടിപ്പിച്ചതെന്ന് വക്താവ് ഫാദര്‍ ജേക്കബ് പാലക്കാപ്പള്ളി പറഞ്ഞു.
ഇത് സര്‍ക്കാരിനോടുള്ള വെല്ലുവിളിയല്ല. പ്രതികരണം പ്രകോപനപരമെന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും ഫാദര്‍ പാലക്കാപ്പള്ളി പറഞ്ഞു.
കെസിബിസി പ്രതികരിച്ചത് മാന്യമായാണ്. പ്രതികരിക്കുന്നതും പ്രതിഷേധിക്കുന്നതും തെറ്റായി മാറിയോ?. അതിനുള്ള അവകാശവും ഇല്ലാത്ത നാടിയി മാറിയോ എന്ന് കെസിബിസി വക്താവ് ചോദിച്ചു. എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേരാണ് മരിച്ചത്. ഒരാള്‍ കൃഷിടിത്തില്‍ വെച്ചും മറ്റൊരാള്‍ വീട്ടില്‍ പത്രം വായിച്ചു കൊണ്ടിരിക്കെയുമാണ് ഒരു കാട്ടുമൃഗത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
ഇത്തരം സാഹചര്യത്തില്‍ പ്രതികരണം വൈകാരികമാകുന്നത് സ്വാഭാവികമാണ്. സംഭവത്തില്‍ ക്രൈസ്തവമതമേലധ്യക്ഷന്മാര്‍ പ്രതികരിച്ചത് സര്‍ക്കാരിനോടുള്ള വെല്ലുവിളിയല്ല, സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കേണ്ട സര്‍ക്കാര്‍ അതില്‍ അലംഭാവം കാണിക്കുന്നുണ്ടുവെങ്കില്‍ അതു തിരുത്തപ്പെടേണ്ടതാണ് എന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. അതിനെ പ്രകോപനം എന്നു പറഞ്ഞ് ആക്ഷേപിക്കരുതെന്ന് ഫാദര്‍ ജേക്കബ് പാലക്കാപ്പള്ളി പറഞ്ഞു.
കാട്ടുപോത്ത് ആക്രമണത്തില്‍ കെസിബിസിയുടെ പ്രസ്താവന പ്രകോപനപരമാണെന്നാണ് വനംമന്ത്രി എകെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. കെസിബിസിയുടെ പാരമ്ബര്യത്തിന് ചേരാത്തതാണ് ഇത്തരം പ്രസ്താവനകള്‍. സമാധാന പാതയില്‍ നിന്നും കെസിബിസി പിന്മാറരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സര്‍ക്കാരിനോട് ഏറ്റുമുട്ടലിന് ചിലര്‍ നിരന്തരം ശ്രമിക്കുന്നു. മരിച്ചുപോയവരെ വെച്ച് ചിലര്‍ ഈ സന്ദര്‍ഭത്തില്‍ വിലപേശുകയാണ്. ഇതിനെ രാഷ്ട്രീയമായി കാണുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന സമീപനം കെസിബിസിയുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. പക്വതയോടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ടവരാണ് കെസിബിസി നേതൃത്വം. അങ്ങനെ നില്‍ക്കാന്‍ കെസിബിസിയോട് ആവശ്യപ്പെടുകയാണ്.മൃതദേഹം വെച്ചും അവരുടെ കുടുംബത്തെ വെച്ചും ചില സംഘടനകളും ചില ആളുകളും വിലപേശുന്ന സമീപനമാണ് കാണിച്ചത്. ഇത് ആ കുടുംബത്തെയും മരിച്ചവരെയും അവഹേളിക്കുന്നതിന് തുല്യമാണ്. കാട്ടുപോത്ത് കാണിച്ച അതേ ക്രൂരത ചിലര്‍ ഈ കുടുംബത്തോട് കാണിക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വനംവകുപ്പ് ശക്തമായ നിരീക്ഷണം തുടരുകയാണ്. കാട്ടുപോത്ത് ആക്രമണമുണ്ടായ പ്രദേശങ്ങളില്‍ രണ്ട് ആര്‍ആര്‍ടികളെയാണ് നിയോഗിച്ചിട്ടുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രിയും പകലുമില്ലാതെ തിരച്ചില്‍ നടത്തുകയാണ്. കാട്ടില്‍ കണ്ടെത്തുന്ന പോത്ത് നാട്ടിലിറങ്ങി ആക്രമണം നടത്തിയതാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. അല്ലാതെ കണ്ണില്‍ കണ്ടതിനെയെല്ലാം വെടിവെച്ചു കൊല്ലാന്‍ പറ്റുമോയെന്ന് മന്ത്രി ചോദിച്ചു. അതിന് കുറേ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. വളരെ സൂക്ഷിച്ചും അവധാനതയോടെയും ചെയ്യേണ്ട ജോലിയാണ്, ആവേശത്തില്‍ എടുത്തുചാടി ചെയ്യേണ്ട ജോലിയല്ല വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.