കേരളത്തില്‍ ഔട്ട്ലെറ്റ് ആരംഭിക്കാൻ കര്‍ണാടകയുടെ ‘നന്ദിനി’; എതിര്‍പ്പുമായി മില്‍മ

single-img
15 April 2023

കേരളത്തില്‍ ഔട്ട്ലെറ്റ് ആരംഭിക്കാനുള്ള കര്‍ണാടക മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മില്‍മ രംഗത്തെത്തി. കര്‍ണാടക മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് കീഴിലുളള നന്ദിനി കേരളത്തിലെ മഞ്ചേരിയിലും കൊച്ചിയിലും പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കാന്‍ ഔട്‌ലെറ്റുകള്‍ തുടങ്ങിയിരുന്നു. ഇതാണ് മില്‍മയെ എതിർപ്പുമായി രംഗത്തുവരാൻ പ്രേരിപ്പിച്ചത്.

നന്ദിനി അവരുടെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെങ്കില്‍ കര്‍ണാടകയില്‍ നിന്ന് പാല് വാങ്ങുന്നത് പുനഃപരിശോധിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നതായി മില്‍മ അധികൃതർ പറയുന്നു. മാത്രമല്ല, കര്‍ഷകരെ അണിനിരത്തി ഈ നീക്കം ചെറുക്കുന്ന കാര്യവും മില്‍മയുടെ പരിഗണനയിലുണ്ട്.

ഇതോടൊപ്പം തന്നെ കര്‍ണാടകയെ എതിര്‍പ്പ് അറിയിച്ച്‌ മില്‍മ കേന്ദ്ര ക്ഷീര വികസന ബോര്‍ഡിലും പരാതി നല്‍കി. ഉല്‍പ്പാദന ചെലവ് വളരെയധികം കുറവായതാണ് മറ്റ് സംസ്ഥാനങ്ങളിലുള്ള പാലുല്‍പ്പാദക സംഘങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്. കാരണം കേരളത്തില്‍ കുറഞ്ഞ വിലയ്ക്ക് പാല്‍ വില്‍ക്കാന്‍ സാധിക്കും.

നിലവിൽ നന്ദിനി ഉള്‍പ്പെടെയുളള പാൽ ഉത്പാദക സംഘങ്ങള്‍ കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തുറന്നാല്‍ മിൽമയുടെ ആകെ വരുമാനത്തെ സാരമായ രീതിയിൽ ബാധിക്കും. അങ്ങിനെ സംഭവിച്ചാൽ വിപണിയില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്നുമാണ് മില്‍മയുടെ ആശങ്ക.