നീറ്റ് പ്രതിഷേധത്തിനെതിരെ വിമർശനവുമായി കങ്കണ റണാവത്ത്; വിദ്യാർഥി സമരങ്ങളെ ചോദ്യം ചെയ്ത് ബിജെപി എംപി

single-img
28 July 2026

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധങ്ങൾക്കും സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് രംഗത്തെത്തി. സി.ജെ.പി ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയെ ന്യായീകരിച്ച കങ്കണ, ഓരോ പ്രവർത്തിക്കും അതിന് തുല്യമായ പ്രതികരണം ഉണ്ടാകുമെന്ന ന്യൂട്ടന്റെ മൂന്നാം നിയമം ഓർമിപ്പിച്ചു.

തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ വിദ്യാർഥി പ്രക്ഷോഭങ്ങളെയും ‘ജെൻസി’ റീലുകളെയും വിമർശിച്ചത്. പൊതുമുതൽ നശിപ്പിക്കുകയും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നവർ ജനങ്ങളുടെ പ്രതികരണം നേരിടാൻ തയ്യാറാകണമെന്ന് അവർ പറഞ്ഞു.

വോട്ട് ചെയ്ത് സർക്കാരിനെ അധികാരത്തിലെത്തിച്ച ജനങ്ങൾക്ക് പ്രതിഷേധക്കാരുടെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യാനും എതിർക്കാനും അവകാശമുണ്ടെന്നും, പിന്നീട് പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും കങ്കണ വ്യക്തമാക്കി.

വിദ്യാർഥികളുടെ പ്രതിഷേധ രീതികൾ ഇന്ത്യൻ സംസ്കാരത്തിനും മൂല്യങ്ങൾക്കും യോജിച്ചതല്ലെന്നും കങ്കണ ആരോപിച്ചു. ഇത്തരം ദൃശ്യങ്ങൾ അരോചകവും നിരാശാജനകവുമാണെന്നും, ഇത് അവരുടെ വളർത്തുമൂല്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും അവർ കുറിച്ചു.

സമീപകാല സംഭവങ്ങളിൽ മനംമടുത്തതിനാൽ കുറച്ച് ദിവസത്തേക്ക് ഡിജിറ്റൽ ഡീടോക്‌സ് ആവശ്യമാണെന്നും കങ്കണ വ്യക്തമാക്കി.

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെ തെരുവ് പ്രതിഷേധങ്ങൾ അവസാനിച്ചെങ്കിലും സോഷ്യൽ മീഡിയയിൽ മീമുകളിലൂടെയും റീലുകളിലൂടെയും പ്രതിഷേധങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് വിദ്യാർഥികൾക്കെതിരെ നടന്ന പോലീസ് നടപടിയെ അനുകൂലിച്ച് കങ്കണ നടത്തിയ പരാമർശങ്ങൾ വിവാദമായത്.

കങ്കണയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാക്കളും സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർഥികളുടെ പ്രതിഷേധ അവകാശത്തെയും പോലീസ് നടപടികളെയും ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകൾ കൂടുതൽ ശക്തമാകുകയാണ്.