കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളം കൊടുക്കാത്തതിനെതിരെ വിമർശനവുമായി കാനം രാജേന്ദ്രൻ

single-img
2 September 2022

കണ്ണൂര്‍: കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളം കൊടുക്കാത്തതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ജോലി ചെയ്താല്‍ കൂലി കൊടുക്കണം. അല്ലാതെ കൂപ്പണും റേഷനും കൊടുക്കുന്നത് ശരിയായ നിലപാടല്ല. കെഎസ്‌ആര്‍ടിസിയില്‍ സമരം ചെയ്യാനുള്ള ആരോഗ്യം സിപിഐക്കില്ലെന്നും കാനം കണ്ണൂരില്‍ പറഞ്ഞു.

‘ജോലി ചെയ്തിട്ട് ശമ്ബളം കൊടുക്കാത്തതിരിക്കുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്. ജോലി ചെയ്താല്‍ കൂലി കൊടുക്കണം. അത് ആര് കൊടുക്കണമെന്നത് മാനേജ്‌മെന്റും സര്‍ക്കാരും ആലോചിക്കണം. അതല്ലാതെ കൂപ്പണ്‍ കൊടുക്കാം, റേഷന്‍ കടയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാമെന്നൊക്കെ പറയുന്നതില്‍ യാതൊരു അര്‍ഥവുമില്ല. ജോലി സമയം കൂട്ടുന്നതില്‍ ഒരു ട്രേഡ് യൂണിയനും യോജിക്കുന്നില്ലെന്നും’- കാനം പറഞ്ഞു.

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളത്തിന് പകരം കൂപ്പണ്‍ നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. അന്‍പത് കോടി രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് കോടതി നിര്‍ദേശം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്ബള കുടിശ്ശികയിലെ മൂന്നിലൊന്ന് നല്‍കാനാണ് സര്‍ക്കാരിനുള്ള ഹൈക്കോടതി നിര്‍ദേശം. ശമ്ബള കുടിശികയുടെ ഒരു ഭാഗം കണ്‍സ്യുമര്‍ ഫെഡിന്റെ കൂപ്പണായി അനുവദിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.