കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നു: കെ സുധാകരൻ

single-img
24 September 2022

കോൺഗ്രസിനെതിരെ വിമർശനമുയർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മും ബിജെപിക്ക് വേണ്ടി കുഴലൂത്ത് നടത്തുകയാണെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരായി കോണ്‍ഗ്രസ് ശക്തമായി പോരാടുമ്പോള്‍ അതിനെ പ്രതിരോധിക്കാനും പരാജയപ്പെടുത്താനും കേരളത്തില്‍ അരയും തലയും മുറുക്കി രംഗത്തെത്തുന്നത് സി പി എമ്മിന്റെ ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്.

അതുകൊണ്ടാണ് വലിയ രീതിയിൽ ജനസ്വീകാര്യത ലഭിച്ച രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കെതിരെ തുടർച്ചയായി മുഖ്യമന്ത്രി വിമര്‍ശിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. സംഘപരിവാർ ഉയർത്തുന്ന പ്രത്യയശാസ്ത്രം അദ്ദേഹം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു.

കേന്ദ്രം കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാത്തതും മുസ്ലീം നാമധാരികളുടെ പേരില്‍ യു എ പി എ ചുമത്തി ജയിലിടച്ചതും അതിനുള്ള ഉദാഹരണമാണെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു.

ദേശീയമായി ബിജെപിക്ക് ഇപ്പോഴും ബദല്‍ കോണ്‍ഗ്രസ് മാത്രമാണെന്ന് രാജ്യത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വം തിരിച്ചറിയുകയും മതേതര ജനാധിപത്യ ചേരി ശക്തിപ്പെടുത്താനുള്ള ശ്രമം തുടരുകയും ചെയ്യുമ്പോഴും ഇവിടെ സി പി എം കേരള ഘടകം അന്ധമായ കോണ്‍ഗ്രസ് വിരോധം മുലം ഭൂരിപക്ഷ വര്‍ഗീയ ശക്തികള്‍ക്ക് രാഷ്ട്രീയ പിന്തുണ നല്‍കുകയാണ്.

ആര്‍എസ്എസിന്റെ സൈദ്ധാന്തികരുടെ ലേഖനങ്ങളും വിചാരധാരകളും സംസ്ഥാനത്തെ കണ്ണൂര്‍ സര്‍വകലാശാലയില്‍ പഠിപ്പിക്കാനുള്ള വിവാദ സിലബസിന് അനുകൂല തീരുമാനമെടുത്ത വ്യക്തിയെ വീണ്ടും കണ്ണൂര്‍ വിസി ആക്കാന്‍ എല്ലാ ചട്ടങ്ങളും സത്യപ്രതിജ്ഞാ ലംഘനവും നടത്തി ഇടപെട്ട വ്യക്തിയായ മുഖ്യമന്ത്രിയ്ക്ക് കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എന്തുയോഗ്യതയാണുള്ളതെന്നും സുധാകരന്‍ ചോദിച്ചു.