കെപിസിസി – യുഡിഎഫ് നേതൃയോഗങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ കെ മുരളീധരൻ

single-img
20 June 2024

ഇന്നുമുതൽ നടക്കാനിരിക്കുന്ന കെപിസിസി – യുഡിഎഫ് നേതൃയോഗങ്ങളിൽ നിന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ വിട്ടുനിൽക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്.

സ്ഥലത്തുണ്ടെങ്കിലും മുരളീധരൻ യോഗങ്ങളിൽ പങ്കെടുക്കില്ല. തൃശൂർ മണ്ഡലത്തിലെ പരാജയത്തിന് പിന്നാലെ തൽക്കാലത്തേക്ക് പൊതുപ്രവർത്തന രംഗത്ത് നിന്നും വിട്ടുനിൽക്കുകയാണെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. അനുനയിപ്പിക്കാനായി നേതാക്കൾ നടത്തിയ ശ്രമങ്ങളും വിജയം കണ്ടിരുന്നില്ല.

തൃശ്ശൂരിലെ പരാജയം പഠിക്കാനുള്ള കെ സി ജോസഫിന്‍റെ അധ്യക്ഷതയിലുള്ള കോൺഗ്രസ് സമിതി കെ മുരളീധരനെ കണ്ടു. തൃശ്ശൂരിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്ന് കെ.മുരളീധരന്‍ പറഞ്ഞു. തൃശ്ശൂർ ജയിച്ചാൽ മാത്രമേ കേരളത്തിൽ യുഡിഎഫിന് ഭരിക്കാൻ കഴിയൂ. പാർലമെന്‍റില്‍ ഉണ്ടായത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് . കെപിസിസി നേതൃ യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.