ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച്‌ ചോദ്യം ചോദിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രെസ് മീറ്റില്‍ നിന്നും ജോ ബൈഡന്‍ ഇറങ്ങിപ്പോയി

single-img
14 March 2023

ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച്‌ ചോദ്യം ചോദിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രെസ് മീറ്റില്‍ നിന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇറങ്ങിപ്പോയി.

സിലിക്കന്‍വാലി ബാങ്കിന്റെ തകര്‍ച്ചയെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം. ബൈഡന്‍ വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോവുന്ന വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇനി ഇത്തരത്തില്‍ സംഭവിക്കില്ലെന്ന് ഉറപ്പു പറയാന്‍ കഴിയുമോ?എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എന്നാല്‍ ഈ ചോദ്യത്തിന് മറുപടി പറയാതെ ബൈഡന്‍ തിരിഞ്ഞു നടക്കുകയായിരുന്നു. മറ്റു ബാങ്കുകളെ ബാധിക്കുമോ എന്നുള്ള മറ്റൊരു മാധ്യമപ്രവര്‍ത്തകന്റേയും ചോദ്യം നിരസിച്ചു കൊണ്ട് മുറിക്കു പുറത്തേക്കു പോവുകയായിരുന്നു ബൈഡന്‍. വൈറ്റ് ഹൗസിന്റെ യു ട്യൂബ് ചാനലിലായിരുന്നു വീഡിയോ പുറത്തുവിട്ടത്. നാല്‍പ്പത് ലക്ഷത്തിന് മുകളിലാണ് വീഡിയോയുടെ കാഴ്ച്ചക്കാര്‍. അതേസമയം, കമന്റ് ബോക്സ് ഓഫാക്കിയ നിലയിലായത് കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഇടവരുത്തുകയായിരുന്നു.

ഇത് ആദ്യമായല്ല ജോ ബൈഡന്‍ വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോവുന്നത്. നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചൈനയിലെ ചാരബലൂണ്‍ സംഭവത്തെക്കുറിച്ച്‌ ചോദിച്ചപ്പോഴും ബൈഡന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ബൈഡന്‍ ഇറങ്ങിപ്പോവുകയായിരുന്നു.

നിലവില്‍ അമേരിക്ക ബാങ്കിങ് തകര്‍ച്ച നേരിടുകയാണ്. സിഗ്നേച്ചര്‍ ബാങ്ക് അടച്ചുപൂട്ടിയിരിക്കുകയാണ്. എന്നാല്‍ നിക്ഷേപം സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും ബൈഡന്‍ പറഞ്ഞിരുന്നു. സിലിക്കന്‍ വാലി ബാങ്കിലും സിഗ്നേച്ചര്‍ ബാങ്കിലും നിക്ഷേപം നടത്തിയവര്‍ക്ക് തിങ്കഴാഴ്ച്ച മുതല്‍ പണം പിന്‍വലിക്കാമെന്നും ബൈഡന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.