മീനുകള്‍ കേടുവരാതിരിക്കാന്‍ അജ്ഞാതമായ ചില രാസവസ്തുക്കള്‍ കലര്‍ത്തുന്നതായി വിവരം

single-img
29 January 2023

കൊച്ചി: സംസ്ഥാനത്തെത്തുന്ന മീനുകള്‍ കേടുവരാതിരിക്കാന്‍ അജ്ഞാതമായ ചില രാസവസ്തുക്കള്‍ കലര്‍ത്തുന്നതായി വിവരം.

ഫോര്‍മാലിന്‍, അമോണിയ എന്നിവ കണ്ടെത്തുന്നതിനുളള കിറ്റുകള്‍ വിപണിയിലെത്തിയതിന് പിന്നാലെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യങ്ങളില്‍ പുതിയ രാസവസ്തുക്കള്‍ തിരിച്ചറിഞ്ഞത്.

കൊച്ചിയിലെ മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് സാധാരണക്കാ‍ര്‍ ഉപയോഗിക്കുന്ന കേര, ചാള, അയല തുടങ്ങിയ വ്യത്യസ്ത തരം മീനുകളാണ് വാങ്ങിയത്. മൂന്നു മീനുകളും കേന്ദ്ര സര്‍ക്കാരിന് കീഴിലെ മത്സ്യഗവേഷണ സ്ഥാപനമായ സെന്‍റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയില്‍ പരിശോധിക്കാന്‍ കൊടുത്തു. ഫോര്‍മാലിന്‍, അമോണിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്തുന്നതിന് സിഐഎഫ്ടി വികസിപ്പിച്ച കിറ്റ് ഉപയോഗിച്ചായിരുന്നു പരിശോധന.

തേവരയില്‍ നിന്ന് വാങ്ങിയ കേര മത്സ്യം പഴകിയതെന്ന് ശാസ്ത്രജ്ഞര്‍ പരിശോധനയ്ക്ക് ശേഷം ഉറപ്പിച്ച്‌ പറഞ്ഞു. എന്നാല്‍ ചെതുമ്ബലിനടക്കം അപ്പോഴും നല്ല തിളക്കമുണ്ടായിരുന്നു. പരിശോധനയില്‍ ഫോര്‍മാലിന്‍റെയോ അമോണിയയുടെയോ സാന്നിധ്യം കണ്ടെത്താനും കഴിഞ്ഞില്ല. പഴകിയ മത്സ്യം പോലും പുറമേ നിന്നു നോക്കിയാല്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്നതിന്‍റെ സൗന്ദര്യ രഹസ്യമെന്താണ്? ഇവിടെയാണ് പുതിയ രാസവസ്തുക്കളുടെ സാന്നിധ്യം ശാസ്ത്രസംഘം സംശയിക്കുന്നത്. സോഡിയം ബെന്‍സോയിറ്റിന് സമാനമായ അതോ ഒരു പ്രിസ‍ര്‍വേറ്റീവ് ഉപയോഗിച്ചിരിക്കാമെന്നാണ് നിഗമനം.

മുന്നൂരീതിയിലാണ് ഈ അജ്ഞാത രാസവസ്തു വസ്തു മീനിലെത്തുന്നതെന്നാണ് അനുമാനം. മീനില്‍ നിറയ്ക്കുന്ന ഐസിനോപ്പം രാസവസ്തു ചേ‍ര്‍ക്കുന്നതോ, ഐസുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെളളത്തില്‍ രാസവസ്തു കലര്‍ത്തുന്നതോ, മറ്റ് സംസ്ഥാനങ്ങളില്‍ വെച്ചോ കേരളത്തിലെത്തിയ ശേഷമോ മൊത്ത വിതരണ കേന്ദ്രങ്ങളില്‍ വെച്ച്‌ നേരിട്ട് വിതറുന്നതോ ആകാമെന്നാണ് നിഗമനം. അമോണിയ, ഫോര്‍മാലിന്‍ എന്നിവ ചേ‍ര്‍ത്ത മീനുകള്‍ വ്യാപകമായി പിടികൂടിയതോടെയാണ് മീനുകള്‍ ഏറെക്കാലം അഴുകാതിരിക്കുന്നതിനുളള പുതിയ തന്ത്രവുമായി മൊത്തച്ചവടക്കാര്‍ എത്തിയതെന്ന് കരുതുന്നു.