15കാരനെ ഇസ്രയേൽ സൈന്യം വെടിവെച്ചു കൊന്നു

single-img
3 January 2023

15 കാരനായ ഫലസ്തീൻ കുട്ടിയെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നു. ആദം ഇസാം ഷാകിർ അയ്യദ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ആദമിന് വെടിയേറ്റതെന്ന് ഫലസ്തീൻ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

ആദം ഇസാം ഷാകിറിന്റെ നെഞ്ചിനാണ് വെടിയേറ്റത്. ദെയ്‌ഷെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനിടെയാണ് ദാരുണമായ ഈ കൊലപാതകം നടന്നത്. നേരം പുലരുന്നതിന് മുമ്പ് ആരംഭിച്ച റെയ്ഡിൽ നിരവധി സായുധ വാഹനങ്ങൾ ഉൾപ്പെട്ടിരുന്നു. റെയ്ഡിനിടെ ഇസ്രായേലി സേന നിരവധി താമസക്കാരെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തിങ്കളാഴ്ച രണ്ട് യുവാക്കളെ വടക്കൻ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിലെ ​കുഫർദാനിൽ നടന്ന റെയ്ഡിനിടെ ഇസ്രയേൽ സേന വെടിവച്ച് കൊന്നിരുന്നു. കഴിഞ്ഞ നവംബർ 21ന് വെസ്റ്റ്ബാങ്കിൽ ഫലസ്തീൻ ബാലനെ ഇസ്രയേൽ സേന വെടിവച്ച് കൊന്നിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഒരു ഫ്ലാഷ്‌പോയിന്റ് പട്ടണത്തിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനിടെയായിരുന്നു സംഭവം. സ്കൂളിലേക്ക് പോവുകയായിരുന്ന കുട്ടിയെയാണ് വെടിവച്ച് കൊന്നത്.