ആരിഫ് മുഹമ്മദ് ഖാന്റെ ലക്‌ഷ്യം രാജ്യസഭയിൽ ന്യൂനപക്ഷ അംഗത്വവും കേന്ദ്ര മന്ത്രി സ്ഥാനവും?

single-img
28 October 2022

ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ കേരളത്തിനെതിരായ യുദ്ധ പ്രഖ്യാപനം രാജ്യസഭയിൽ, ബിജെപി വക ഒരു ന്യൂനപക്ഷ അംഗത്വവും അതിലൂടെ കേന്ദ്ര മന്ത്രിസ്ഥാനവും ആണെന്ന് തലസ്ഥാനത്തു അഭ്യൂഹം. ഗവർണറും സർക്കാരുകളും തമ്മിലുള്ള ഏറ്റുമുട്ടൽ രാജ്യത്ത്‌ പുതിയതല്ലെങ്കിലും ഗവർണർ ഇത്രകണ്ട്‌ നിലവിട്ട്‌ പെരുമാറുന്നത്‌ രാജ്യത്ത്‌ അത്യപൂർവമാണ്. സർക്കാരിനെ പ്രതികൂട്ടിൽ ആക്കാൻ സംസ്ഥാനത്തെ ബിജെപി നേതാക്കൾ പരാജയപ്പെട്ടപ്പോൾ, തനിക്കു അതിനു കഴിഞ്ഞുവെന്ന് ബിജെപിയുടെ ഡൽഹിയിലെ നേതാക്കളെ ബോധ്യപ്പെടുത്താൻ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നുണ്ട് എന്നാണു പ്രചരിക്കുന്ന അഭ്യൂഹം.

പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഗവർണർമാർ കേന്ദ്ര ബിജെപി സർക്കാരിന്റെ ഇംഗിതമനുസരിച്ച്‌ ഇടപെടുന്നുണ്ട്‌. തമിഴ്‌നാട്‌, പശ്‌ചിമ ബംഗാൾ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും ഗവർണർ–- സർക്കാർ ഏറ്റുമുട്ടൽ പതിവാണ്‌. എന്നാൽ, അവിടങ്ങളിലൊന്നും കാണാത്തവിധമുള്ള ജനാധിപത്യവിരുദ്ധ ഇടപെടലാണ്‌ കേരളത്തിൽ കണ്ടത്‌. സംസ്ഥാനത്ത്‌ 1957ലെ ആദ്യ സർക്കാരിന്റെ കാലംമുതൽ ഗവർണർമാർ സർക്കാരുമായി പലപ്പോഴും കലഹിച്ചു. ഒന്നാം ഇ എം എസ്‌ സർക്കാരിനെ അട്ടിമറിക്കാൻ വിമോചന സമരം അരങ്ങേറിയപ്പോൾ കേന്ദ്രം, കേരള ഗവർണറായിരുന്ന ബി രാമകൃഷ്‌ണ റാവുവിൽനിന്ന്‌ റിപ്പോർട്ട്‌ തേടി. കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന ഗവർണറുടെ റിപ്പോർട്ടിനെ തുടർന്നാണ്‌ ഇ എം എസ്‌ സർക്കാരിനെ പിരിച്ചുവിട്ടത്‌. ഇതിനു സമാനമായ ഗവർണർ–- സർക്കാർ ഏറ്റുമുട്ടൽ ആണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്.

എ ബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ കാലത്തും ഗവർണർമാർ സർക്കാരുമായി ഏറ്റുമുട്ടിയിരുന്നു. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന വേളയിൽ നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു ഭാഗം വായിക്കാൻ ഗവർണർ സുഖ്‌ദേവ്‌ സിങ്‌ കാങ് വിസമ്മതിച്ചു. ബിജെപി സർക്കാരിന്റെ കാലത്ത്‌ നിയമിതനായ സിക്കന്തർ ഭക്തിന്റെ കാലത്തും തുടർന്നുവന്ന ആർ എസ്‌ ഗവായ്‌, ജസ്‌റ്റിസ്‌ പി സദാശിവം തുടങ്ങിയവരുടെ കാലത്തും ഏറ്റുമുട്ടലുണ്ടായി. എന്നാൽ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മാനിക്കുകയെന്ന ഭരണഘടനാ കർത്തവ്യം അവരൊന്നും വിസ്‌മരിച്ചിരുന്നില്ല. ഇത് അവർക്കു മറ്റു താല്പര്യങ്ങൾ ഇല്ലാതിരുന്നത് കൊണ്ടാണ് എന്നാണു രാഷ്ട്രീയ നിരീക്ഷർ പറയുന്നത്.