അമേരിക്കൻ വാദം തള്ളി ഐആർജിസി; ഹോർമുസ് കടലിടുക്ക് പൂർണ നിയന്ത്രണത്തിലെന്ന് ഇറാൻ

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്ന് ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സ് (ഐആർജിസി) നാവികസേന അവകാശപ്പെട്ടു. കടലിടുക്ക് പൂർണമായി തുറന്നിരിക്കുകയാണെന്നും കപ്പൽ ഗതാഗതത്തിന് തടസ്സമില്ലെന്നുമുള്ള അമേരിക്കൻ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഐആർജിസി വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ഇറാനുമായി മുൻകൂട്ടി ഏകോപനം നടത്തണമെന്നും, അനുമതിയില്ലാത്ത കപ്പലുകൾക്ക് ഗതാഗതം അനുവദിക്കില്ലെന്നും ഇറാൻ അറിയിച്ചു. അമേരിക്കയുടെ സൈനിക നടപടികളും സാമ്പത്തിക ഉപരോധങ്ങളും അവസാനിക്കുന്നതുവരെ നിയന്ത്രണം തുടരുമെന്നും ഐആർജിസി വ്യക്തമാക്കി.
ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസിലെ നിയന്ത്രണം ആഗോള എണ്ണവിപണിയിലും ഊർജ വിതരണത്തിലും വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. ഇറാന്റെ പുതിയ നിലപാട് പശ്ചിമേഷ്യയിലെ അമേരിക്ക-ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്കയും ശക്തമാണ്.


