ഇസ്രയേൽ ആണവകേന്ദ്രങ്ങൾക്കെതിരെ ഇറാന്‍റെ വ്യോമാക്രമണം; നൂറിലധികം പേർക്ക് പരിക്ക്

single-img
22 March 2026

ഇസ്രയേലിന്‍റെ ആണവകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന പട്ടണങ്ങൾക്ക് നേരെ ഇറാന്‍റെ വ്യോമാക്രമണം. ശനിയാഴ്ച ഇറാന്‍റെ നതാൻസ് ആണവകേന്ദ്രത്തിന് നേർക്ക് ഇസ്രയേൽ-യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി ഇറാൻ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

ഡിമോണയിലുള്ള ഷിമോൺ പെരസ് നെഗേവ് ആണവ ഗവേഷണ കേന്ദ്രം ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ ജനവാസ കേന്ദ്രത്തിന് നിരവധി നാശനഷ്ടങ്ങളുണ്ടായി. കെട്ടിടങ്ങളുടെ മുൻഭാഗം തകരുകയും ഭൂമിയിൽ വലിയ ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് മിസൈലുകളെ തടയാനായില്ലെന്നാണ് റിപ്പോർട്ട്. അരാദിലും നിരവധി കെട്ടിടങ്ങൾ തകരുകയും നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. ഇസ്രായേലിൻ്റെ ദേശീയ അടിയന്തര വൈദ്യസഹായ വിഭാഗമായ മാഗൻ ഡേവിഡ് അഡോമിൻ്റെ കണക്കനുസരിച്ച്, അരാദിൽ 84 പേർക്ക് പരിക്കേറ്റു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. ഡിമോണയിൽ 33 പേർക്ക് പരിക്കേറ്റിട്ടുണ്ട്.