അയോധ്യ ധ്വജാരോഹണത്തെ വിമർശിച്ച പാകിസ്ഥാന് ഇന്ത്യയുടെ മറുപടി

അയോധ്യയിലെ രാമക്ഷേത്രത്തിൽ കൊടി ഉയർത്തിയതിനെ വിമർശിച്ച പാകിസ്ഥാന്റെ പരാമർശങ്ങൾക്ക് ശക്തമായ മറുപടി നൽകി ഇന്ത്യ. പാകിസ്ഥാന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
മതഅസഹിഷ്ണുത, അടിച്ചമർത്തൽ, ന്യൂനപക്ഷങ്ങളോടുള്ള വ്യവസ്ഥാപിത പീഡനം തുടങ്ങിയവയിൽ മോശമായ റെക്കോർഡ് പുലർത്തുന്ന ഒരു രാജ്യമായി പാകിസ്ഥാന് മറ്റുള്ളവരെ ബോധവൽക്കരിക്കാൻ നൈതിക അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച അയോധ്യയിൽ നടത്തിയ മതചടങ്ങിനെ പാകിസ്ഥാൻ വിമർശിച്ചിരുന്നു. അവരുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇന്ത്യയ്ക്കെതിരെ അവർ പ്രതികരിച്ചത്.
1992 ഡിസംബർ 6-നുണ്ടായ ബാബറി മസ്ജിദ് തകർക്കൽ സംഭവത്തെ പരാമർശിച്ച പാകിസ്ഥാൻ, അയോധ്യയിലെ ധ്വജാരോഹണത്തെ ഇന്ത്യയിലെ ഇസ്ലാമോഫോബിയയുടെയും പൈതൃക അവഹേളനത്തിന്റെയും ഉദാഹരണമായി ചിത്രീകരിച്ചുമിരുന്നു.


