ഓസ്‌ട്രേലിയക്കെതിരെ മൂന്നാം മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ടീം

ഓസ്‌ട്രേലിയക്കെതിരെ മൂന്നാം മത്സരത്തിലും വിജയിച്ച് 2-1ന് പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ടീം. അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് 159 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. അര്‍ധ സെഞ്ചന്റി നേടിയ ആഷ്‌ലി ഗാര്‍ഡ്‌നറാണ് (57) അവരുടെ ടോപ് സ്‌കോറര്‍.
55 പന്തില്‍ 82 റണ്‍സെടുത്ത സ്മൃതി മന്ധാനയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ബൗളിങ്ങില്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ശ്രേയങ്ക പാട്ടീലിന്റെയും ശ്രീ ചരണിയുടെയും പ്രകടനമാണ് ഓസ്ട്രേലിയയെ പിടിച്ചു കെട്ടാന്‍ ഇന്ത്യയെ സഹായിച്ചത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി സ്മൃതി മന്ധാനയും ഷഫാലി വര്‍മ്മയുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. തുടക്കത്തില്‍ തന്നെ ഷഫാലിയെ (19) നഷ്ടമായെങ്കിലും ജെമീമ റോഡ്രിഗസിനെ കൂട്ടുപിടിച്ച് സ്മൃതി ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. പവര്‍പ്ലേയില്‍ തന്നെ ഇന്ത്യന്‍ സ്‌കോര്‍ 50 കടന്നു. 38 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച സ്മൃതി മന്ധാന എട്ട് ഫോറും മൂന്ന് സിക്‌സുമടക്കം 149 സ്‌ട്രൈക്ക് റേറ്റിലാണ് 82 റണ്‍സ് അടിച്ചുകൂട്ടിയത്.
16-ാം ഓവറില്‍ സ്മൃതി പുറത്തായ ശേഷം ക്രീസിലെത്തിയ റിച്ച ഘോഷ് 7 പന്തില്‍ 18 റണ്‍സെടുത്ത് സ്‌കോറിങ്ങിന് വേഗം കൂട്ടി. 41 പന്തില്‍ 59 റണ്‍സെടുത്ത ജെമീമയുടെ പ്രകടനവും ഇന്ത്യന്‍ ഇന്നിങ്സില്‍ നിര്‍ണായകമായി. അവസാന ഓവറില്‍ ജെമീമ ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഇന്ത്യ 176 എന്ന ശക്തമായ നിലയില്‍ എത്തിയിരുന്നു.
മറുപടി ബാറ്റിങ്ങിറങ്ങിയ ഓസ്ട്രേലിയക്ക് വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. രേണുക സിങ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍മാരായ ജോര്‍ജിയ വോളും ബെത്ത് മൂണിയും ചേര്‍ന്ന് 18 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ വോളിനെ (10) പുറത്താക്കി ശ്രേയങ്ക പാട്ടീല്‍ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. തൊട്ടുടുത്ത ഓവറില്‍ ബെത്ത് മൂണിയെ രേണുക സിങ് പുറത്താക്കി. എലീസ് പെറി (1) നാലാം ഓവറില്‍ ശ്രേയങ്കയുടെ പന്തില്‍ പുറത്തായതോടെ ഓസ്ട്രേലിയ 32-ന് 3 എന്ന നിലയില്‍ പതറി.
ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും 45 പന്തില്‍ 57 റണ്‍സെടുത്ത ആഷ്ലി ഗാര്‍ഡ്‌നര്‍ ക്രീസില്‍ നിലകൊണ്ടു. എന്നാല്‍ 16-ാം ഓവറില്‍ ഗാര്‍ഡ്‌നറെ അരുന്ധതി റെഡ്ഡി പുറത്താക്കിയതോടെ ആതിഥേയരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. ഗ്രേസ് ഹാരിസ്, സോഫി മോളിനക്‌സ്, അന്നബെല്‍ സതര്‍ലാന്‍ഡ് എന്നിവര്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിക്കാതെ വന്നതോടെ ഓസ്ട്രേലിയന്‍ ഇന്നിംഗ്സ് 159-ല്‍ അവസാനിച്ചു.


