ദുബായിൽ നടന്ന എയർ ഷോയ്ക്കിടെ തേജസ് വിമാനം തകർന്ന് ഇന്ത്യൻ പൈലറ്റ് കൊല്ലപ്പെട്ടു; അടിയന്തര അന്വേഷണം

single-img
21 November 2025

ഇന്ത്യയുടെ അഭിമാനമായ തേജസ് എംകെ പോർവിമാനം ദുബായിൽ നടന്ന എയർ ഷോയ്ക്കിടെ തകർന്നു വീണു. അപകടത്തിൽ വിമാനം പറത്തിയ ഇന്ത്യൻ പൈലറ്റിന് വീരമൃത്യു സംഭവിച്ചു. ദുബായിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടന്ന എയർ ഡിസ്പ്ലേയുടെ അവസാന ദിവസമാണ് ഈ നിർഭാഗ്യകരമായ സംഭവം ഉണ്ടായത് . പൈലറ്റിന്റെ മരണം ഔദ്യോഗികമായി വ്യോമസേന സ്ഥിരീകരിച്ചു

.അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യ ഉത്തരവിട്ടിട്ടുണ്ട് . 72 മണിക്കൂറിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് നിലവിൽ നിർദ്ദേശം നൽകിയിരിക്കുന്നത് . കൂടാതെ, വ്യോമസേനയുടെ ഒരു സംഘം യു.എ.ഇ അധികൃതരുമായി ചേർന്ന് സംഭവസ്ഥലത്ത് അന്വേഷണം നടത്തുന്നുണ്ട് .

പ്രാഥമിക ഘട്ടത്തിൽ, വിമാന അപകടത്തിൽ അട്ടിമറിയുമായി ബന്ധപ്പെട്ട യാതൊരു സൂചനകളും ലഭിച്ചിട്ടില്ലെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു . ഒരു അഭ്യാസ പ്രകടനത്തിനിടെ വിമാനത്തിന് ത്രസ്റ്റ് നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം . റിവേഴ്സ് ലൂപ്പ് പോലെയുള്ള ഒരു ‘ഹൈ-ജി’ (High-G) അഭ്യാസത്തിനിടെ നിയന്ത്രണം വിട്ട് വിമാനം താഴേക്ക് പതിക്കുകയായിരുന്നു .
വിമാനം ഏകദേശം 500 അടിയിൽ താഴെ വളരെ താഴ്ന്നാണ് പറന്നിരുന്നത് .

ഈ കുറഞ്ഞ ഉയരം കാരണം പൈലറ്റിന് എജക്റ്റ് ചെയ്ത് രക്ഷപ്പെടാൻ സാധിച്ചില്ലെന്നാണ് വിലയിരുത്തൽ. വിൻ കമാൻഡർ പദവിയുള്ളതും ഏകദേശം 1500 മണിക്കൂറിലധികം പറക്കൽ പരിചയവുമുള്ള പരിചയസമ്പന്നനായ ഒരു ടെസ്റ്റ് പൈലറ്റാണ് വിമാനം പറത്തിയിരുന്നത് .അപകട സ്ഥലത്ത് കാഴ്ചക്കാർക്കോ മറ്റാർക്കെങ്കിലുമോ പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല. പൈലറ്റിന്റെ പേര് വിവരങ്ങൾ അടക്കം പുറത്തുവരാനിരിക്കുന്നതേയുള്ളൂ .