വൈറ്റ് ഹൗസ് പാര്‍ക്കിലേക്ക് വാഹനം ഇടിച്ചുകയറ്റിയ ഇന്ത്യൻ വംശജൻ അറസ്റ്റില്‍

single-img
25 May 2023

അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് പാര്‍ക്കിലേക്ക് വാഹനം ഇടിച്ചുകയറ്റിയ ഇന്ത്യൻ വംശജൻ അറസ്റ്റില്‍.

19 വയസുള്ള സായ് വര്‍ഷിതാണ് പിടിയിലായത്. നാസി കൊടിയുമായി എത്തിയ യുവാവിനെതിരെ പ്രസിഡന്‍റിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നതടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി. വൈറ്റ് ഹൗസിലെ പാര്‍ക്കിലെ സുരക്ഷാ ബാരിയറില്‍ യു-ഹാള്‍ ട്രക്കിലേക്കാണ് ഇയാള്‍ വാഹനം ഇടിച്ചുകയറ്റിയത്. മനഃപൂര്‍വ്വമായാണ് സായ് വര്‍ഷിത് വാഹനം ഇടിച്ച്‌ കയറ്റിയതെന്നാണ് പൊലീസ് പറയുന്നത്.

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. സെന്റ് ലൂയിസിലുള്ള മിസൗറിയിലെ ചെസ്റ്റര്‍ഫീല്‍ഡില്‍ താമസിക്കുന്ന സായ് വര്‍ഷിതാണ് കാര്‍ ഇടിച്ചുകയറ്റിയതെന്ന് രഹസ്യാനേഷണ വിഭാഗം വ്യക്തമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടത്തിന് ശേഷം ഇയാള്‍ നാസി പതാകയുമായി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയെന്നും പൊലീസും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമെത്തിയപ്പോള്‍ ഇയാള്‍ ആക്രോശിച്ചെന്നുമാണ് പറയുന്നത്. ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്നും സായ് പറഞ്ഞതായി രഹസ്യാനേഷണ വിഭാഗം വ്യക്തമാക്കി. ഇതോടെയാണ് പ്രസിഡന്‍റിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നതടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയത്. ഇയാളെ ജയിലിലടച്ചിട്ടുണ്ട്. മിസോറാമില്‍ നിന്നും അമേരിക്കയിലെത്തിയതാണ് സായ് വര്‍ഷിതിന്‍റെ കുടുംബക്കാര്‍.

അപകടത്തെത്തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗത്തിലെയും മെട്രോപൊളിറ്റൻ പൊലീസ് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചു. വാഹനത്തില്‍ നിന്ന് നാസി പതാക ഉള്‍പ്പെടെയുള്ള നിരവധി തെളിവുകള്‍ ശേഖരിച്ചതായണ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവത്തിന്‍റെ വീഡിയോ അടക്കം ഇതിനകം പുറത്തുവന്നിട്ടുണ്ട്. മറ്റാര്‍ക്കെങ്കിലും ഇതിന് പിന്നില്‍ പങ്കുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇത് സംബന്ധിച്ച്‌ വിശദമായ അന്വഷണം നടക്കുകയാണെന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.