അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കിൽ പാക്കിസ്ഥാനുമായി ഉഭയകക്ഷി ക്രിക്കറ്റ് മത്സരങ്ങൾ ഇന്ത്യ കളിക്കില്ല: മന്ത്രി അനുരാഗ് താക്കൂർ

single-img
15 September 2023

അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കിൽ പാക്കിസ്ഥാനുമായി ഉഭയകക്ഷി ക്രിക്കറ്റ് മത്സരങ്ങളൊന്നും ഇന്ത്യ കളിക്കില്ലെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ.പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കേണ്ടതില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ പാകിസ്ഥാനുമായി ഉഭയകക്ഷി മത്സരങ്ങളൊന്നും കളിക്കില്ലെന്ന് ബിസിസിഐ വളരെ മുമ്പേ തീരുമാനിച്ചിരുന്നു. അതിർത്തി കടന്നുള്ള ആക്രമണങ്ങളോ നുഴഞ്ഞുകയറ്റ സംഭവങ്ങളോ അവസാനിപ്പിക്കാതെ ഞങ്ങൾ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കില്ല,” മുൻ ബിസിസിഐ പ്രസിഡന്റ് താക്കൂർ ഉദയ്പൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ജമ്മു കശ്മീരിൽ അനന്ത്‌നാഗിൽ ഭീകരർ നടത്തിയ വെടിവയ്പിൽ ഇന്ത്യയുടെ നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിനെത്തുടർന്ന് പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം വിച്ഛേദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അനന്ത്‌നാഗിലെ വെടിവയ്‌പ്പ് ദൗർഭാഗ്യകരമാണെന്നും തീവ്രവാദികൾക്ക് ശക്തമായ മറുപടി നൽകുമെന്നും താക്കൂർ അറിയിച്ചു.