സൗദിയുമായി വിവിധ രാജ്യാന്തര കൂട്ടായ്മകളിൽ കൂടുതൽ ഏകോപനത്തോടെ പ്രവ‍ര്‍ത്തിക്കാന്‍ ഇന്ത്യ

single-img
12 September 2022

ജി 20 ഉൾപ്പെടെയുള്ള ധാരാളം രാജ്യാന്തര കൂട്ടായ്മകളിൽ കൂടുതൽ ഏകോപനത്തോടെ പ്രവ‍ര്‍ത്തിക്കാന്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണയിലെത്തി. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിന്‍ ഫര്‍ഹാൻ അൽ സൗദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്.

രാഷ്ട്രീയ- വാണിജ്യപരമായി ഇന്ത്യയുടെ ഏറ്റവും അടുത്ത പങ്കാളികളിയാണ് സൗദി അറേബ്യയെന്ന് ജയശങ്കര്‍ കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി. അന്താരാഷ്‌ട്ര രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലെ നിലവിലെ സാഹചര്യങ്ങളാണ് വിദേശകാര്യമന്ത്രിമാരുടെ അധ്യക്ഷതയിൽ നടന്ന സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്പ് കൗണ്‍സിൽ പ്രധാനമായും ചര്‍ച്ച ചെയ്തത്.

ഒന്നിലധികം മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ഉടമ്പടികളുടെ പുരോഗതിയും യോഗം വിലയിരുത്തി. ചര്‍ച്ച ഏറെ ഊഷ്മളവും ഗുണപരവുമായിരുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപങ്ങൾ വലിയ തോതിൽ വര്‍ധിച്ചിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ 4286 കോടി ഡോളറിൻറെ വ്യാപാരമാണ് നടന്നത്. ഇന്ത്യയിൽ 318 കോടി ഡോളറിൻറെ നിക്ഷേപ പദ്ധതികളാണ് സൗദി അറേബ്യയ്ക്ക് ഉള്ളതെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഐടി, നിര്‍മാണമേഖല, ഹോസ്പിറ്റാലിറ്റി, ഗതാഗതം തുടങ്ങിയ രംഗങ്ങളിൽ ഇന്ത്യയും സൗദിയിൽ വന്‍തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. സൗദി അറേബ്യയുടെ വിഷന്‍ 2030ൻറെ ഭാഗമായി ഇരു രാജ്യങ്ങൾക്കും ഒന്നിക്കാവുന്ന ഒട്ടേറെ മേഖലകളുണ്ടെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.