സിംബാബ്‌വെയ്‌ക്കെതിരെ 72 റൺസിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ

ടി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ രണ്ടാം പോരാട്ടത്തിൽ സിംബാബ്‌വെയ്‌ക്കെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. 72 റൺസിന്റെ വൻ വിജയമാണ് ആതിഥേയർ സ്വന്തമാക്കിയത്. വിജയത്തോടെ ഇന്ത്യ സെമിപ്രതീക്ഷകൾ സജീവമാക്കി. തുടർച്ചയായ രണ്ടാം തോൽവിയോടെ സിംബാബ്‌വെ ലോകകപ്പിൽ നിന്ന് പുറത്തായി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് നേടിയപ്പോൾ സിംബാബ്‌വെയുടെ മറുപടി ആറ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസിൽ അവസാനിച്ചു.
സിംബാബ്‌വെയ്‌ക്ക് വേണ്ടി ബ്രയാൻ ബെന്നറ്റ് പൊരുതി. താരം 97 റൺസ് നേടി പുറത്താകാതെ നിന്നു. സിക്കന്ദർ റാസ 31 റൺസ് നേടി. ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ 15 പന്തിൽ രണ്ട് സിക്‌സറും ഒരു ഫോറും അടക്കം 24 റൺസ് നേടിയപ്പോൾ 30 പന്തുകൾ നേരിട്ട അഭിഷേക് നാല് വീതം ഫോറുകളും സിക്സറുകളും അടക്കം 55 റൺസ് നേടി പുറത്തായി.
മൂന്നാമനായി എത്തിയ ഇഷാൻ കിഷൻ 24 പന്തിൽ ഒരു സിക്‌സറും നാല് ഫോറുകളും അടക്കം 38 റൺസ് നേടി. നാലാമനായി എത്തിയ സൂര്യകുമാർ യാദവ് 13 പന്തിൽ രണ്ട് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 33 റൺസ് നേടി. അഞ്ചാമനായി എത്തിയ ഹാർദിക് പാണ്ഡ്യ 23 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറുകളും അടക്കം 50 റൺസ് നേടി. ആറാമനായി എത്തിയ തിലക് വർമ 16 പന്തിൽ നാല് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 44 റൺസ് നേടി.


