ഇന്ത്യയ്ക്ക് തിരിച്ചടി; ഓസ്‌ട്രേലിയയുടെ വിസ റിസ്ക് പട്ടികയിൽ ഇന്ത്യ ഏറ്റവും ഉയർന്ന വിഭാഗത്തിൽ

ഉന്നത പഠനത്തിനായി ഓസ്‌ട്രേലിയയെ ലക്ഷ്യമിടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്ന വിധത്തില്‍ ഓസ്‌ട്രേലിയന്‍ ഭരണകൂടം വിദ്യാര്‍ഥി വിസ ചട്ടങ്ങളില്‍ കർശന മാറ്റങ്ങള്‍ കൊണ്ടുവന്നു. വിദ്യാര്‍ഥി വിസ അനുവദിക്കുന്നതിനുള്ള റിസ്ക് കാറ്റഗറിയില്‍ ഇന്ത്യയെ ഏറ്റവും ഉയര്‍ന്ന നിലയായ ലെവല്‍ 3-ലേക്ക് മാറ്റിയതാണ് പ്രധാന തീരുമാനം. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള വിസ അപേക്ഷകള്‍ ഇനി അതീവ കർശനമായ പരിശോധനകള്‍ക്ക് വിധേയമാകും.
ഓസ്‌ട്രേലിയയിലെ കുടിയേറ്റ സംവിധാനം കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. പുതിയ ചട്ടങ്ങള്‍ പ്രകാരം വിസ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കേണ്ട രേഖകളില്‍ വലിയ മാറ്റങ്ങള്‍ വരും. വിദ്യാര്‍ഥികളുടെ സാമ്പത്തിക ഭദ്രത തെളിയിക്കുന്ന രേഖകളും ഇംഗ്ലീഷ് ഭാഷാ നൈപുണ്യ പരീക്ഷാ ഫലങ്ങളും (IELTS/PTE) മുന്‍പത്തേക്കാള്‍ കർശനമായി പരിശോധിക്കും. ബാങ്ക് അക്കൗണ്ടുകളില്‍ കൂടുതല്‍ ഫണ്ട് തെളിയിക്കേണ്ടതായും വരും.
പഠനം പൂര്‍ത്തിയാക്കിയ ശേഷം ഓസ്‌ട്രേലിയയില്‍ തന്നെ തുടരാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അധികൃതരെ നയിച്ചതെന്ന് വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലായി ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായെങ്കിലും, പലരും പഠനത്തേക്കാള്‍ ജോലി ലക്ഷ്യമിട്ടാണ് എത്തുന്നതെന്ന ആശങ്ക ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രാലയം പ്രകടിപ്പിച്ചിട്ടുണ്ട്.
വ്യാജ രേഖകള്‍ ഉപയോഗിച്ച് വിസ നേടുന്ന സംഘങ്ങളെ കണ്ടെത്താന്‍ പുതിയ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിസ ലഭിക്കാനുള്ള സമയതാമസം കൂടാന്‍ സാധ്യതയുണ്ടെന്നും, മികച്ച സര്‍വകലാശാലകളില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്കുപോലും ഈ കർശന പരിശോധനകള്‍ ബാധകമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.


