ഇന്ത്യ സഖ്യകക്ഷികളായ സിപിഎമ്മും കോൺഗ്രസും സ്വർണ കള്ളക്കടത്തുകാരുടെയും സഖ്യം: രാജീവ് ചന്ദ്രശേഖർ

single-img
30 May 2024

കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയുടെ പിഎ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കസ്റ്റംസ് പിടിയിലായ സംഭവത്തിൽ പരിഹാസവുമായി കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ആദ്യം കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വർണക്കടത്തിൽ അറസ്റ്റിലായി. ഇപ്പോൾ കോൺഗ്രസ് എംപിയുടെ സഹായി അറസ്റ്റിലായിരിക്കുന്നു.

പ്രതിപക്ഷ ഇന്ത്യ സഖ്യകക്ഷികളായ സിപിഎമ്മും കോൺഗ്രസും സ്വർണ കള്ളക്കടത്തുകാരുടെയും സഖ്യമായെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ശശി തരൂരിന്റെ പിഎ ശിവകുമാർ പ്രസാദിനെയും കൂട്ടാളിയെയുമാണ് ദില്ലി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണം കണ്ടെത്തിയെന്ന് വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. അന്താരാഷ്ട്ര യാത്രക്കാരനിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണ് ശിവകുമാറെന്നാണ് അധികൃതർ പറയുന്നത്.